പത്താന് സിനിമ വിവാദത്തില്‍ പ്രതികരണവുമായി നടന് പൃഥ്വിരാജ്. വിവാദത്തില്‍ കലാകാരന് എന്ന നിലയില്‍ വലിയ ദു:ഖമാണ് തനിക്കുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതേസമയം ഐഎഫ്എഫ്കെ വേദിയിലെ രഞ്ജിത്തിന്റെ പരാമര്‍ശത്തെ പറ്റി തനിക്ക് അറിവില്ലെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. അതിനെപ്പറ്റി കൂടുതല്‍ സംസാരിക്കാനും അദ്ദേഹം തയ്യാറായില്ല.
പ്രതിഷേധങ്ങള്‍ക്കിടെ പത്താന് സിനിമക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. ബേഷരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന മുംബൈ സ്വദേശി സഞ്ജയ് തിവാരിയുടെ പരാതി പ്രകാരമാണ് എഫ്ഐആര്‍. സിനിമയുടെ പ്രദര്‍ശനം വിലക്കണമെന്നാവശ്യപ്പെട്ട് ബീഹാര്‍ മുസഫര്‍ നഗര്‍ സിജെഎം കോടതിയിലും ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
ഷാറുഖ് ഖാന് ചിത്രം പത്താനിലെ ബേഷരം രംഗ് എന്ന ഗാന രംഗത്തിലെ ദീപിക പദുക്കോണിന്റെ കാവി വസ്ത്രത്തെ ചൊല്ലിയാണ് വിവാദം. ഹിന്ദുക്കളെ അവഹേളിക്കുന്നതും ഇന്ത്യന്‍ സംസ്കാരത്തിന് ചേരാത്തതുമാണെന്ന് ആരോപിച്ച് നിരവധി പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഫയല്‍ ചെയ്തിട്ടുള്ളത്.
അതേസമയം പത്താന് പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരിക്കുകയാണ് ബിജെപി. മധ്യപ്രദേശിലെ ബിജെപി എംഎല്‍എ നാരായണ്‍ ത്രിപാഠിയാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിന് കത്തയച്ചത്. മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമം തടയണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
പത്താന് സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകനായ സുധീര്‍ ഓജ ബീഹാര്‍ മുസഫര്‍ നഗര്‍ സി ജെ എം കോടതിയെ സമീപിച്ചത്. കേസ് ജനുവരി 3 ന് പരിഗണിക്കും.