ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്റെ ജീവചരിത്ര സിനിമയായ ‘800’ല്‍ നിന്ന് തമിഴ് നടന് വിജയ് സേതുപതി പിന്മാറി എന്ന് റിപ്പോര്‍ട്ട്. മുത്തയ്യ മുരളീധരന്റെ ആവശ്യപ്രകാരമാണ് താരം പിന്മാറിയത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വിജയ് സേതുപതിക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് നീക്കം. എന്നാല്‍, സേതുപതി പിന്മാറിയെന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ അതുണ്ടാവുമെന്നാണ് സൂചന.
”ചില ആളുകളില്‍ നിന്ന് വിജയ് സേതുപതിക്ക് വളരെയധികം സമ്മര്‍ദ്ദം ഉണ്ടാവുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. ചിലയാളുകള്‍ക്ക് എന്നോടുള്ള തെറ്റിദ്ധാരണ മൂലം ഒരു നടന് ഇങ്ങനെ കുഴപ്പത്തില്‍ ചാടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഭാവിയില്‍ അദ്ദേഹത്തിന് ഇതുവഴി ഒരു പ്രശ്നം ഉണ്ടാവാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അദ്ദേഹത്തോട് ചിത്രത്തില്‍ നിന്ന് മാറിനില്ക്കാന് ഞാന്‍ ആവശ്യപ്പെടുന്നു”- വാര്‍ത്താകുറിപ്പില്‍ മുരളീധരന് പറയുന്നു. വിജയ് സേതുപതി ഈ വാര്‍ത്താകുറിപ്പ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.
തമിഴരെ രണ്ടാം കിട പൗരന്മാരായാണ് ശ്രീലങ്കന്‍ ജനത കണക്കാക്കുന്നത്. അങ്ങനെ ഒരു രാജ്യത്ത് നിന്നുള്ള ക്രിക്കറ്ററുടെ വേഷത്തില്‍ തമിഴ് നടന് വിജയ് സേതുപതി അഭിനയിക്കുന്നു എന്ന കാരണത്താലാണ് തമിഴ്നാട്ടില്‍ പ്രതിഷേധം കനത്തത്. തമിഴ് വംശജനാണെങ്കിലും ശ്രീലങ്കയില്‍ തമിഴ് വംശഹത്യക്ക് നേതൃത്വം നല്കിയ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ അനുയായിയാണ് മുരളീധരന്. ഇതും പ്രതിഷേധങ്ങള്‍ക്ക് കാരണമായി.
நன்றி.. வணக்கம் ???????? pic.twitter.com/PMCPBDEgAC
— VijaySethupathi (@VijaySethuOffl) October 19, 2020