ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയുമായി എത്തുന്ന പ്രഭാസിന്റെ ത്രിഡി ചിത്രം ആദിപുരുഷിന്റെ പോസ്റ്ററിന് മികച്ച പ്രതികരണം. പ്രഭാസ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറക്കിയ പോസ്റ്റര്‍ 24 മണിക്കൂറിനകം കണ്ടത് 13 ലക്ഷത്തോളം ആളുകളാണ്. ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രം ത്രിഡി രൂപത്തിലാണ് ഒരുക്കുന്നത്. ആദിപുരുഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രംതന്ഹാജിയുടെ സംവിധായകനും റെട്രോഫൈല്‍ പ്രോഡക്ഷന്‍ കമ്പനി സ്ഥാപകനുമായ ഓം റൗട്ടാണ് ഒരുക്കുന്നത്. ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ് കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. തിന്മയ്ക്കെതിരെ നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ് കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം. ഇന്ത്യന്‍ സംസ്കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ചിത്രം ഡബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കും. 2022 ല്‍ ചിത്രം തിയറ്ററുകളിലെത്തിക്കും.