ചെന്നൈ: വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ അറസ്റ്റിലായ നടി കസ്തൂരിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. എഗ്മൂര്‍ കോടതിയില്‍ ഹാജരാക്കിയ കസ്തൂരിയെ നവംബര്‍ 29 വരെയാണ് റിമാന്‍ഡ് ചെയ്തത്.
ഹൈദരാബാദില്‍നിന്ന് അറസ്റ്റു ചെയ്ത നടി കസ്തൂരിയെ റോഡ് മാര്‍ഗമാണ് ചെന്നൈ പൊലീസിന്റെ പ്രത്യേക സംഘം ചെന്നൈ എഗ്മൂര്‍ കോടതിയില്‍ എത്തിച്ചത്. കച്ചിബൗളിയില്‍ ഒരു സിനിമാ നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു കസ്തൂരി. നടിയുടെ അറസ്റ്റിനെതിരെ നേരത്തെ ബ്രാഹ്മണ സഭ രംഗത്തെത്തിയിരുന്നു.
വിദ്വേഷ പ്രസംഗം വിവാദമായതിന് ശേഷം കസ്തൂരി ആന്ധ്ര, തെലങ്കാന മേഖലയിലേക്കു കടന്നതായി വിവരം ലഭിച്ചിരുന്നു. പ്രത്യേക പൊലീസ് സംഘം ഈ മേഖലകളില്‍ തിരച്ചില്‍ ശക്തമാക്കിയതോടെയാണ് ഇവര്‍ പിടിയിലായത്. നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളിയിരുന്നു.
ഹിന്ദു മക്കള്‍ കക്ഷി എഗ്മൂറില്‍ നടത്തിയ പ്രകടനത്തില്‍ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും നടിക്കെതിരെ കേസെടുത്തത്.