എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ആര്‍ആര്‍ആര്‍’ ഓസ്കാര്‍ നേടിയേക്കുമെന്ന് പ്രവചന റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ മാഗസീന് വെറൈറ്റി പുറത്തുവിട്ട ഓസ്കാര്‍ സാധ്യതാ പട്ടികയില്‍ ആണ് ചിത്രത്തിന്റെ പേരുള്ളത്. അഞ്ച് കാറ്റഗറിയിലെ സാധ്യതയാണ് മാഗസീന് പ്രവചിക്കുന്നത്.
മികച്ച വിദേശ ചിത്രം, സംവിധായകന്, ഒറിജിനല്‍ സ്കോര്‍, ഒറിജിനല്‍ സ്ക്രീന്‍ പ്ലേ, മികച്ച നടന് എന്നീ കാറ്റഗറികളിലെ നോമിനേഷനുകളില്‍ ആര്‍ആര്‍ആറിന് സാധ്യത കല്പിക്കുന്നുണ്ട്. മികച്ച നടനുള്ള നോമിനേഷനില്‍ വെറൈറ്റി സാധ്യത പറയുന്നത് ജൂനിയര്‍ എന്‍ടിആറിനും രാം ചരണുമാണ്. ആര് അവാര്‍ഡ് സ്വന്തമാക്കുമെന്ന ചര്‍ച്ചയും പോളുകളും സംഘടിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍.
ബാഹുബലി ഫ്രാഞ്ചൈസിയിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ എസ് എസ് രാജമൗലി അതിനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ റിലീസിനു മുന്‍പുതന്നെ വന്‍ ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. ബാഹുബലി 2നു ശേഷം എത്തുന്ന രാജമൗലി ചിത്രം ആയതുകൊണ്ടുതന്നെ വന്‍ സ്ക്രീന്‍ കൌണ്ടോടെയാണ് മാര്‍ച്ച് 25 ന് ചിത്രം തിയറ്ററുകളില്‍ എത്തിയത്. പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടുകയും ചെയ്തു ചിത്രം. എന്നാല്‍ ആഗോള സ്വീകാര്യതയില്‍ രാജമൗലി പോലും പ്രതീക്ഷിക്കാത്ത രീതിയിലേക്കാണ് ചിത്രം എത്തിയത്. തിയറ്റര്‍ റിലീസിനു പിന്നാലെ ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സില്‍ എത്തിയതിനു ശേഷമായിരുന്നു ഭാഷാപരമായ അതിര്‍ത്തികള്‍ക്കപ്പുറത്ത് ചിത്രത്തിനു ലഭിച്ച ഈ സ്വീകാര്യത. പ്രത്യേകിച്ചും പാശ്ചാത്യ ലോകത്ത്. ഹോളിവുഡില്‍ നിന്നും ഒട്ടനവധി പ്രമുഖരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നത്.
1920കളുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പറയുന്നത്. ജൂനിയര്‍ എന്‍ടിആര്‍ കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടെക്നിക്കല്‍ ബ്രില്ല്യന്‍സ് കൊണ്ടും ചിത്രീകരണ മികവുകൊണ്ടും അഭിനയം കൊണ്ടും ആര്‍ആര്‍ആര്‍ കൈയ്യടി നേടിയിരുന്നു.
ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിലൂടെ എത്തിയതോടെയാണ് ആഗോള പ്രേക്ഷകരിലേക്ക് കടന്നുചെന്നത്. നെറ്റ്ഫ്ലിക്സില്‍ തുടര്‍ച്ചയായ 14-ാം വാരവും ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉണ്ടായിരുന്നു ചിത്രം. ഇംഗ്ലീഷ്, ഇംഗ്ലീഷ് ഇതര വിഭാഗങ്ങളില്‍ ആദ്യമായാണ് ഒരു ചിത്രം ഇത്രയും കാലം നെറ്റ്ഫ്ലിക്സിന്റെ ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുന്നത്.
രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അച്ഛന് കെ വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡിവിവി എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് നിര്‍മ്മാണം.