സിനിമാ ഷൂട്ടിങിനായി ശ്രീലങ്കയില്‍ എത്തിയ നടന് മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും രാജ്യത്തിന്റെ ടൂറിസം ബ്രാന്‍ഡ് അംബാസിഡറുമായ സനത് ജയസൂര്യ. ശ്രീലങ്കയിലെത്തിയതിന് ജയസൂര്യ മമ്മൂട്ടിയോട് നന്ദി പറഞ്ഞു. മമ്മൂട്ടിയെ സന്ദര്‍ശിക്കാന്‍ സാധിച്ചത് ബഹുമതിയായി കാണുന്നു എന്നും തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ ജയസൂര്യ കുറിച്ചു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ജയസൂര്യയുടെ കുറിപ്പ്.
”മലയാളത്തിലെ മുതിര്‍ന്ന നടന് മമ്മൂട്ടിയെ സന്ദര്‍ശിക്കാന്‍ സാധിച്ചത് ബഹുമതിയായി കാണുന്നു. സര്, താങ്കളാണ് യഥാര്‍ഥ സൂപ്പര്‍ സ്റ്റാര്‍. ശ്രീലങ്കയില്‍ വന്നതിനു നന്ദി. എല്ലാ ഇന്ത്യന്‍ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദര്‍ശിക്കാനും ആസ്വദിക്കാനും സ്വാഗതം ചെയ്യുന്നു”.- ജയസൂര്യ കുറിച്ചു.
എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിനിധിയായ ജയസൂര്യ മമ്മൂട്ടിയെ കാണാനെത്തുകയായിരുന്നു. ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനെയുമായി ഇന്ന് മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയേക്കും.