നടനും നിര്‍മ്മാതാവുമായ ദിനേഷ് പണിക്കരുടെ പത്നി രോഹിണി പണിക്കരും നടനും മോഡലുമായ ജൗഹര്‍ കാനേഷിന്റെ പത്നി ഫസ്ന ജൗഹറും ആണ് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട്, സംവിധായകന് പ്രവി നായരുടെ മരുന്ന് എന്ന ഷോര്‍ട്ട്മൂവിയുടെ ചിത്രീകരണത്തിന്റെ ഭാഗമായത്. കണ്ണൂരിലെ വീട്ടില്‍ നിന്നും സംവിധായകന് ഫോണിലൂടെ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഓരോ അഭിനേതാക്കളും അവരവരുടെ വീടുകളില്‍ വെച്ച് മൂന്ന് ദിവസങ്ങളിലായി തങ്ങളുടെ ഭാഗം ഭംഗിയായി അഭിനയിച്ചുകൊണ്ട് ‘മരുന്ന് ‘ ഷോര്‍ട്ട്മൂവി ചിത്രീകരണം പൂര്‍ത്തിയാക്കി.
ഓരോ അഭിനേതാവിന്റെയും അടുത്ത ബന്ധുക്കള്‍ (മകന്, ഭാര്യ ….) ചിത്രീകരണത്തില്‍ സസന്തോഷം ഭാഗവാക്കായി. എഡിറ്ററും സൗണ്ട് എഞ്ചിനീയറുമായ ശ്യാം അഖില്‍ ബാബു, കോഴിക്കോട് ബാലുശ്ശേരിയിലെ വീട്ടില്‍ വെച്ച് എഡിറ്റിംഗ്, സൗണ്ട് എഫക്ട്സ്, ബിജിഎം, ശബ്ദമിശ്രണം എന്നിവ നിര്‍വ്വഹിച്ചു. എഡിറ്റര്‍ അരുണ്‍ കോഴിക്കോട് കൂരാച്ചുണ്ടിലെ വീട്ടില്‍ വെച്ച് ടൈറ്റില്‍സ് & ട്രെയിലര്‍ കട്ട്സ് നടത്തി. കോഴിക്കോട് ബേപ്പൂരിലെ വീട്ടില്‍ വെച്ച് മനോഹരമായ പോസ്റ്റര്‍ രൂപകല്‍പ്പന ചെയ്തത് ഡിനു സുന്ദര്‍ .
പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയായ ‘മരുന്ന് ‘ എസ് ആര് മീഡിയയുടെ യൂട്യൂബ് ചാനലിലൂടെ നിങ്ങളുടെ മുന്നിലെത്തുന്നു….! ലോോക്ഡൗണ് കാലത്തെ ഈ പരീക്ഷണ ചിത്രത്തിന്റെ ക്രിയാത്മക സഹായം അര്‍ഷ ബിജര്, ബിഷ കുരിശിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. സിനിമാതാരങ്ങളായ ദിനേഷ് പണിക്കരും നിര്‍മ്മല്‍ പാലാഴിയും മോഡലും നടനും പ്രശസ്ത ഗാനരചയിതാവ് കാനേഷ് പുനൂരിന്റെ മകനുമായ ജൗഹര്‍ കാനേഷും സീരിയല്‍ താരം മഞ്ജു സുബാഷും കോഴിക്കോടിന്റെ തനത് കലാകാരന് സതീഷ് അമ്പാടിയും മരുന്നിലെ കഥാപാത്രങ്ങളെ സ്ക്രീനില്‍ ജീവസ്സുറ്റതാക്കി. ജീവിതകാലം മുഴുവന്‍ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടേണ്ടി വരുന്ന നിസ്സഹായരെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഏഴരമിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഷോര്‍ട്ട്ഫിലിം…!