സിനിമ വിവാദത്തിൽ പ്രതികരണവുമായി നടൻ ജയൻ ചേർത്തല. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ചോദിക്കാനുള്ള അവകാശമുണ്ട്. തനിക്കുവേണ്ടി അമ്മ സംഘടന പ്രതികരിക്കും. മറുപടി സംഘടന തന്നെ കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പണം വാങ്ങി എന്നതിൽ അവർക്ക് സംശയമില്ല. തിരിച്ചുകൊടുക്കാൻ ഉള്ളതിൽ സംശയം. തന്റെ പ്രതികരണം എല്ലാം സത്യസന്ധം. താൻ പറഞ്ഞ കണക്കുകൾ എല്ലാം വസ്തുതാപരമാണ്. അമ്മയ്ക്ക് അറിയാത്ത കാര്യങ്ങൾ അല്ല താൻ പറഞ്ഞത്.
അമ്മ ഭാരവാഹികൾക്ക് അറിയാവുന്ന കാര്യങ്ങളാണ് പത്രസമ്മേളനത്തിൽ പറഞ്ഞിട്ടുള്ളത്. വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടിയല്ല. അമ്മയ്ക്ക് വേണ്ടിയാണ് സംസാരിച്ചത്. ഒരു രൂപയ്ക്ക് വേണ്ടി കള്ളം പറയേണ്ട കാര്യം അമ്മയ്ക്കും തനിക്കും ഇല്ലെന്ന് ജയൻ ചേർത്തല വ്യക്തമാക്കി.
വിവിധ ഷോകളിലൂടെ അമ്മ ഒരു കോടിയോളം രൂപ പ്രൊഡ്യൂസേര്‍സ് അസോസിയേഷന് നല്‍കിയെന്ന് ജയന് ചേര്‍ത്തല പറഞ്ഞിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയെ പല കാലത്ത് സഹായിച്ച അമ്മയിലെ അംഗങ്ങള്‍ക്കെതിരെ നിര്‍മ്മാതാക്കള്‍ അമിത പ്രതിഫലം എന്ന് പറഞ്ഞ് വരുന്നത് ശരിയല്ലെന്നാണ് ജയന് ചേര്‍ത്തല പറഞ്ഞത്.
എന്നാല്‍ അമ്മയും നിര്‍മ്മാതാക്കളും നടത്തിയ ഷോ വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിലാണെന്നും. അതിലെ വരുമാനം പങ്കിടാന്‍ കരാര്‍ ഉണ്ടായിരുന്നെന്നും, ഇത് അമ്മയുടെ സഹായം അല്ലായിരുന്നുവെന്നുമാണ് നിര്‍മ്മാതാക്കളുടെ സംഘടന വക്കീല്‍ നോട്ടീസില്‍ പറയുന്നത്. ഇത്തരം ഒരു ഷോയ്ക്ക് മോഹന്‍ലാല്‍ സ്വന്തം കാശ് മുടക്കി ടിക്കറ്റ് എടുത്ത് ഗള്‍ഫിലേക്ക് വന്നുവെന്ന ജയന് ചേര്‍ത്തലയുടെ പ്രസ്താവനയും തെറ്റാണ് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.