തിരുവനന്തപുരം: 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയസൂര്യയാണ് മികച്ച നടന്. അന്ന ബെന്‍ നടി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച ചിത്രം. അയ്യപ്പനും കോശിയുമാണ് കലാമൂല്യമുള്ള ചിത്രം. മൂന്നു മണിക്ക് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
വെള്ളത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് പുരസ്കാരം. കപ്പേളയിലെ പ്രകടനം അന്നയെ പുരസ്കാരത്തിന് അര്‍ഹയാക്കി. സിദ്ധാര്‍ത്ഥ് ശിവയാണ് മികച്ച സംവിധായകന്. ജിയോ ബേബിയാണ് മികച്ച കഥാകൃത്ത്, ശ്രീരേഖ സ്വഭാവ നടി. സുധീഷ് സ്വഭാവനടന്‍. മുഹമ്മദ് മുസ്തഫയാണ് മികച്ച നവാഗത സംവിധായകന്.
സെന്ന ഹെഗ്ഡേ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയമാണ് മികച്ച രണ്ടാമത്തെ സിനിമ. എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ ചിത്രങ്ങളിലെ അഭിനയമാണ് സുധീഷിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. വെയിലിലെ അഭിനയത്തിനാണ് ശ്രീരേഖയ്ക്ക് പുരസ്കാരം. നിരഞ്ജന് എസ് ആണ് മികച്ച ആണ് ബാല താരം. പെണ് ബാലതാരം അരവ്യ ശര്‍മ്മ. ചിത്രം ബാര്‍ബി. സെന്ന ഹെഗ്ഡെ മികച്ച തിരക്കഥാകൃത്ത്.
ചന്ദ്രു സെല്‍വരാജ് (കയറ്റം) ആണ് മികച്ച ഛായാഗ്രാഹകന്‍. മികച്ച ഗാനരചയിതാവ് അന്‍വര്‍ അലി. ഭൂമിയിലെ മനോഹര സ്വാകാര്യത്തിലെ സ്മരണകള്‍ കാടായ്…, മാലികിനെ തീരമേ… തീരമേ… എന്നീ ഗാനങ്ങള്‍ക്കാണ് പുരസ്കാരം. സൂഫിയും സുജാതയും ചിത്രത്തിലെ വാതുക്കല് വെള്ളരിപ്രാവ് ഗാനം ചിട്ടപ്പെടുത്തിയ എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്.
ഹലാല്‍ ലവ് സ്റ്റോറിയിലെ സുന്ദരനായവനേ, വെള്ളത്തിലെ ആകാശമായവളേ എന്നീ ഗാനം പാടിയ ഷഹബാസ് അമനാണ് മികച്ച പിന്നണിഗായകന്‍. സൂഫിയും സുജാതയും ചിത്രത്തിലെ വാതുക്കല് വെള്ളരിപ്രാവ് എന്ന ഗാനം പാടിയ നിത്യ മാമ്മന്‍ മികച്ച പിന്നണി ഗായിക. മികച്ച ചിത്രസംയോജകന്‍ മഹേഷ് നാരായണനാണ്. ചിത്രം സീ യു സൂണ്‍. സന്തോഷ് രാമന് മികച്ച കലാ സംവിധായകന്. ചിത്രങ്ങള്‍- പ്യാലി, മാലിക്.
മറ്റു പുരസ്കാരങ്ങള്‍
മികച്ച സിങ്ക് സൗണ്ട്: ആദര്‍ശ് ജോസഫ് ചെറിയാന്, ചിത്രം- സന്തോഷത്തിന്റെ ഒന്നാം രഹസ്യം.
മികച്ച ശബ്ദമിശ്രണം: അജിത് എബ്രഹാം ജോര്‍ജ്. ചിത്രം- സൂഫിയും സുജാതയും.
മികച്ച ശബ്ദ രൂപകല്‍പ്പന: ടോണി ബാബു. ചിത്രം- ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്.
മികച്ച പ്രോസസിങ് ലാബ്/കളറിസ്റ്റ്: ലിജു പ്രഭാകര്‍. ചിത്രം കയറ്റം.
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്: റഷീദ് അഹമ്മദ്. ചിത്രം- ആര്‍ട്ടിക്കിള്‍ 21
മികച്ച വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്. ചിത്രം- മാലിക്
അന്തിമ പട്ടികയില്‍ 30 സിനിമകള്‍
30 സിനിമകളാണ് പുരസ്കാരത്തിന്റെ അന്തിമ പട്ടികയിലുണ്ടായിരുന്നത്. നടിയും സംവിധായികയുമായ സുഹാസിനി മണിരത്നമാണ് ഏഴംഗ അന്തിമ ജൂറിയുടെ അധ്യക്ഷ. ആദ്യമായാണ് ദേശീയ മാതൃകയില്‍ രണ്ടുതരം ജൂറികള്‍ സംസ്ഥാന അവാര്‍ഡില്‍ സിനിമകള്‍ വിലയിരുത്തുന്നത്. സംവിധായകന് ഭദ്രനും കന്നഡ സംവിധായകന് പി.ശേഷാദ്രിയും അധ്യക്ഷന്മാരായ പ്രാഥമിക ജൂറികള്‍ തെരഞ്ഞെടുത്ത 30 സിനിമകളുടെ പട്ടിക സുഹാസിനി മണിരത്നം അധ്യക്ഷയായ അന്തിമ ജൂറിക്ക് കൈമാറിയിരുന്നു.
ബിജു മേനോന്, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ് എന്നിവര്‍ മികച്ച നടനാകാന്‍ മത്സരിച്ചപ്പോള്‍ ശോഭന, പാര്‍വതി തിരുവോത്ത്, നിമിഷ സജയന്, അന്ന ബെന്‍, സംയുക്ത മേനോന് എന്നിവരാണ് മികച്ച നടിക്കുള്ള അവാര്‍ഡിനായി രംഗത്തുണ്ടായിരുന്നത്. അന്തരിച്ച നെടുമുടി വേണു, അനില്‍ നെടുമങ്ങാട്, സംവിധായകന് സച്ചി എന്നിവരുടെ പേരുകളും വിവിധ വിഭാഗങ്ങളില്‍ പരിഗണിച്ചിരുന്നു.
വെള്ളം, ഒരിലത്തണലില്‍, സൂഫിയും സുജാതയും, ആണും പെണ്ണും, കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നിവയാണ് മികച്ച സിനിമകളുടെ അന്തിമ പട്ടികയിലുള്ളത്. നാല് കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ 80 ചിത്രങ്ങള്‍ ഇക്കുറി മത്സരരംഗത്തുണ്ടായിരുന്നു.