കൊച്ചി : ദേശീയ ചലച്ചിത്ര ദിനമായ ഒക്ടോബർ 13ന് മൾട്ടിപ്ലെക്സുകൾ അടക്കമുള്ള തീയറ്ററുകളിൽ പ്രേക്ഷകർക്ക് 99 രൂപ മുതൽ ടിക്കറ്റുകൾ നൽകിയാണ് കഴിഞ്ഞ വർഷത്തെ പോലെ ഈ തവണയും ആഘോഷിക്കുന്നത്. കേരളത്തിലും ഈ ഓഫർ ലഭ്യമാണ്. ടിനു പാപ്പച്ചൻ സംവിധാനം നിർവഹിച്ച ചാവേറും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ പ്രേക്ഷകർക്ക് ആസ്വദിക്കാവുന്നതാണ്.
ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം തുടങ്ങിയ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ഇമോഷണൽ ത്രില്ലറാണ് ഇത്തവണ ടിനു പാപ്പച്ചൻ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ്റെ ഇതേ വരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പും അർജുൻ അശോകൻ, ആൻ്റണി വർഗീസ് എന്നിവരുടെ പ്രകടനങ്ങൾ കൊണ്ടും ചിത്രം കൈയ്യടികൾ നേടുകയാണ്.
ഒരു രാഷ്ട്രീയ കൊലപാതകവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന അതിജീവനത്തിൻ്റെ നിരവധി രംഗങ്ങളുമാണ് ചിത്രത്തിൻ്റെ കഥാ തന്തു. ടിനു പാപ്പച്ചൻ്റെ തനതായ മേക്കിങ്ങ് ശൈലി തെല്ലൊന്നുമല്ല പ്രേക്ഷകർക്ക് ഒരു പുത്തൻ ചലച്ചിത്രാനുഭവം നൽകുന്നതിൽ പങ്ക് വഹിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ ആകാംക്ഷയുടെയും ഉദ്വേഗത്തിൻ്റെയും ഒരു നൂലിൽ കൂടിയാണ് ചിത്രം കൊണ്ടുപോകുന്നത്. അതിൽ വ്യക്തി ബന്ധങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും ചിത്രങ്ങളും വരച്ചു ചേർത്തിരിക്കുന്നു.
നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയ തിരക്കഥയാണ് ചാവേറായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്നാണ് നിർമ്മിച്ച ചിത്രത്തിൽ മനോജ് കെ.യു, സംഗീത, സജിൻ ഗോപു, അനുരൂപ് എന്നിങ്ങനെ നിരവധി താരങ്ങൾ മികവാർന്ന പ്രകടനവും കാഴ്ച വെച്ചിട്ടുണ്ട്. കണ്ണൂരിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിങ്ങും പശ്ചാത്തല സംഗീതവും ഗാനങ്ങളും ചാവേറിനെ ഏറെ മനോഹരമാക്കുന്നുണ്ട്.