എറണാകുളം: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടന് ഉണ്ണി മുകുന്ദനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. ഒത്തുതീര്‍പ്പായെന്നു പരാതിക്കാരി അറിയിച്ചതിനെ തുടര്‍ന്നാണു ഹൈക്കോടതി നടപടി. ജസ്റ്റിസ് പി.ഗോപിനാഥാണ് ഹര്‍ജി പരിഗണിച്ചത്. 2017 ല്‍ സിനിമാ ചര്‍ച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോള്‍ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി.
എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി ജൂണില്‍ ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരുന്നു. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് ഉണ്ണിമുകുന്ദന് കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഒത്തുതീര്‍പ്പാക്കാന്‍ ധാരണയായെന്നു പരാതിക്കാരിയും സത്യവാങ്മൂലം നല്‍കിയിരുന്നു.