കന്നഡ നടൻ ചേതൻ ചന്ദ്രക്ക് ആൾകൂട്ട ആക്രമണത്തിൽ ഗുരുതര പരിക്ക്.ആക്രമണത്തിൽ താരത്തിന്റെ മൂക്ക് തകർന്നിട്ടുണ്ട്. അമ്മയോടൊപ്പം ക്ഷേത്രത്തിൽപ്പോയി മടങ്ങവെയാണ് സംഭവം.ആക്രമണത്തെക്കുറിച്ച് വിശദമാക്കിക്കൊണ്ട് ഒരു വീഡിയോ താരം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. തനിക്ക് മോശമായ അനുഭവമാണ് ഉണ്ടായതെന്നും നീതി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു
മുഖത്തും വസ്ത്രങ്ങളിലും ചോരപ്പാടോട് കൂടിയാണ് അദ്ദേഹം വീഡിയോ എടുത്തത്.താനും അമ്മയും മാതൃദിനത്തോടനുബന്ധിച്ച് ക്ഷേത്രദർശനം നടത്തി മടങ്ങുന്നതിനിടെയാണ് സംഭവമെന്ന് നടൻ വിഡിയോയിൽ വെളിപ്പെടുത്തി. മദ്യപിച്ചെത്തിയ ഒരാൾ തങ്ങളെ കൊള്ളയടിക്കാൻ ശ്രമിക്കുകയും കാറിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതോടെ 20 പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നെന്നും മൂക്ക് തകർന്നെന്നും നടൻ പറഞ്ഞു. തന്റെ കാർ സംഘം വീണ്ടും ആക്രമിച്ചെന്നും പൂർണമായി തകർത്തെന്നും നടൻ ആരോപിച്ചു. ‘സത്യം ശിവം സുന്ദരം’ എന്ന കന്നഡ സീരിയലിലൂടെ ശ്രദ്ധേയനായ താരം ചില ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.