തമിഴ് താരം വിജയ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 25 ലക്ഷത്തിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ നടന്റെ ഇന്‍സ്റ്റാ വരവ് ആഘോഷിക്കുകയാണ്. വാര്‍ത്ത രാജ്യമെമ്പാടും ശ്രദ്ധ നേടുകയാണ്. നടന്മാരായ പൃഥ്വിരാജ്, ചിമ്പു തുടങ്ങി സിനിമാലോകത്തില്‍ നിന്നും നിരവധി പേരാണ് നടനെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്.
ഇന്‍സ്റ്റ ലോകത്തിലേക്ക് സ്വാഗതം സഹോദരാ’, എന്നാണ് പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ‘ദളപതി വിജയ് അണ്ണാ ഇന്‍സ്റ്റയിലേക്ക് സ്വാഗതം’, എന്ന കുറിപ്പോടെയാണ് ചിമ്പു നടനെ എതിരേറ്റത്. വിജയ് ആദ്യമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രവും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമും നടന്റെ ഇന്‍സ്റ്റഗ്രാമിലേക്ക് വരവിന്റെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്. ‘വണക്കം ദളപതി’ എന്നാണ് ആമസോണ്‍ പ്രൈം നടന്റെ ആദ്യ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. അല്‍ഫോന്‍സ് പുത്രന്, അനു സിത്താര, റെബ മോണിക്ക ജോണ്‍ തുടങ്ങി മലയാള സിനിമയില്‍ നിന്നും നിരവധി പേരും താരത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം ആദ്യ പോസ്റ്റിന് പിന്നാലെ കശ്മീരില്‍ നില്ക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റ സ്റ്റോറിയായും നടന് പങ്കുവെച്ചിട്ടുണ്ട്.