ചലച്ചിത്ര അക്കാദമിക്കെതിരെയുള്ള കെബി ഗണേഷ് കുമാറിന്റെ വിമര്‍ശനത്തിന് മറുപടിയുമായി രഞ്ജിത്ത്. ഗണേശ് കുമാറിന്റേത് പറയാന്‍ പാടില്ലാത്ത പരാമര്‍ശം. കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടാന്‍ അക്കാദമി ഓഫീസ് സന്ദര്‍ശിക്കാം. മന്ത്രിയായിരുന്ന ഗണേശിന് തെറ്റിദ്ധാരണയുണ്ട്. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ചെയര്‍മാന്റെ മറുപടി. അക്കാദമി നടപ്പിലാക്കി വരുന്നതും തുടരുന്നതുമായ 25ല്‍പ്പരം പദ്ധതികളും രഞ്ജിത്ത് വിശദമാക്കി.
ഐ.എഫ്.എഫ്.കെ നടത്തിപ്പും അവാര്‍ഡ് കൊടുക്കലും മാത്രമായി അക്കാദമി അധഃപതിച്ചു എന്നായിരുന്നു ഗണേഷിന്റെ വിമര്‍ശനം. സിനിമയെ അടുത്തറിയാനും സിനിമയുടെ പാഠം ഉള്‍ക്കൊള്ളാനും സഹായിക്കുന്നതാകണം അക്കാദമിയുടെ പ്രവര്‍ത്തനം. അടുത്ത തലമുറക്ക് റിസര്‍ച്ച് ചെയ്യാനുള്ള സെന്ററായി നിലനില്ക്കണമെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ഐ.എഫ്.എഫ്.കെ സംഘാടനവുമായി ബന്ധപ്പെട്ട വിമര്‍ശനം നിലനില്‍ക്കെയാണ് ഭരണപക്ഷത്ത് നിന്ന് തന്നെയുള്ള എം.എല്‍.എയുടെ വിമര്‍ശനവും.
ഫിലിം ഫെസ്റ്റിവല്‍ സംഘാടനവുമായി ബന്ധപ്പെട്ട് വ്യാപക വിമര്‍ശനമാണ് അക്കാദമിക്കെതിരെ ഉയര്‍ന്നത്. പിന്നാലെയാണ് ഭരണപക്ഷത്ത് നിന്നുള്ള എംഎല്‍എയുടെ വിമര്‍ശനം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ റിസര്‍വേഷനുമായി ബന്ധപ്പെട്ടാണ് ഐഎഫ്എഫ്കെ വേദിയില്‍ പ്രതിഷേധമുണ്ടായത്. ഐഎഫ്എഫ്കെ സമാപന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിന് നേരെ കാണികള്‍ കൂവിവിളിക്കുന്ന സാഹചര്യവും ഉണ്ടായി.