കൊച്ചി: ടോക്കിയോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ മലയാളി താരം പി ആര് ശ്രീജേഷിന് അഭിനന്ദനം അറിയിച്ച് നടന് മോഹന്‍ലാല്‍. ശ്രീജേഷിനെ ഫോണില്‍ വിളിച്ചാണ് മോഹന്‍ലാല്‍ അഭിനന്ദനം അറിയിച്ചത്.
എല്ലാവര്ക്കും അഭിമാനിക്കാന്‍ ഉതകുന്ന നേട്ടമാണ് ശ്രീജേഷ് സ്വന്തമാക്കിയതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ശ്രീജേഷ് നാട്ടില്‍ എത്തിയപ്പോള്‍ താന്‍ അറിഞ്ഞുവെന്നും കോണ്ടാക്ട് ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചിരുന്നില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ചലച്ചിത്ര താരം മമ്മൂട്ടിയും ശ്രീജേഷിന് അഭിനന്ദനം അറിയിച്ചിരുന്നു. ശ്രീജേഷിൻ്റെ വീട്ടില്‍ നേരിട്ടെത്തി ആയിരുന്നു താരം സ്നേഹ സമ്മാനം നൽകി അഭിനന്ദനം അറിയിച്ചത്.
അതേസമയം, പി ആര് ശ്രീജേഷിന് രണ്ടു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ( സ്പോര്‍ട്സ് ) ആയ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടര്‍ ( സ്പോര്‍ട്സ്) ആയി സ്ഥാനക്കയറ്റം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.