മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്ക് എതിരെ നടിയും പ്രൊഡ്യൂസറുമായ സാന്ദ്രാ തോമസ്. നിർമ്മാതാക്കളുടെ സംഘടന ഏകാധിപത്യ തീരുമാനമാണ് കൈക്കൊണ്ടതെന്ന് സാന്ദ്ര തോമസ് ആരോപിച്ചു. സംഘടനയ്ക്കുള്ളിൽ താരസംഘടനയായ അമ്മയുടെ ശക്തമായ സ്വാധീനമുണ്ടെന്നും സാന്ദ്ര പറഞ്ഞു. മാധ്യമങ്ങളോട് സാന്ദ്ര തോമസിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
“ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പിറ്റേദിവസം മുതൽ ഇക്കാര്യത്തിൽ മുന്നോട്ട് വന്ന് സംസാരിക്കണമെന്ന് സംഘടനയോട് നമ്മൾ ആവശ്യപ്പെടുന്നതാണ്. ചർച്ച ചെയ്യേണ്ടൊരു വിഷയമാണെന്ന് പലവട്ടം പറഞ്ഞതാണ്. എന്നാൽ അതിനൊരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. നമ്മളെ സംബന്ധിച്ച വിഷമല്ല, അതുകൊണ്ട് പ്രതികരിക്കേണ്ട ആവശ്യവുമില്ല എന്ന ആറ്റിറ്റ്യൂഡാണ് അവർക്ക്. ഇതോടെയാണ് ഞങ്ങൾ വനിത നിര്‍മാതാക്കള്‍ ശക്തമായി പ്രതികരിച്ചത്. നിർമാതാക്കളുടെ സംഘടയുടെ ഭാഗമായി മുഖ്യമന്ത്രിയ്ക്ക് ഒരു കത്ത് നൽകിയിരുന്നു. അത് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ പോലും അറിഞ്ഞിട്ടില്ല. ചർച്ച ചെയ്തിട്ടുമില്ല. ഇത്തരത്തിൽ പത്രക്കുറിപ്പുകൾ റിലീസ് ചെയ്യുന്നതല്ലാതെ മുന്നോട്ട് വന്ന് സംസാരിക്കാൻ നിർമാതാക്കളും സംഘടനയും ഭയക്കുന്നുണ്ട്. ഹേമ കമ്മിറ്റിയെ കുറിച്ച് സംസാരിക്കാത്ത അസോസിയേഷൻ, നിവിൻ പോളിയുടെ ഒരു വിഷയം വന്ന് മണിക്കൂറുകൾക്ക് ഉള്ളിലാണ് കുറിപ്പിറക്കിയത്. അതിനർത്ഥം താരങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്ന സംഘടയാണ് അതെന്നാണ്. അമ്മ എന്ന സംഘടനയുടെ ഉപസംഘടനയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു”, എന്ന് സാന്ദ്രാ തോമസ് പറയുന്നു.