ബെംഗളൂരു: സുഹൃത്തായ നടിയ്ക്ക് അശ്ലീലസന്ദേശം അയച്ചയാളെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്ശനെബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. രേണുകാ സ്വാമി എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മൈസൂരുവിലെ ഫാംഹൗസില്‍ വെച്ചാണ് ദര്‍ശനെ പോലീസ് ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. 47-കാരനായ നടന് കേസില്‍ ബന്ധമുണ്ടെന്ന സംശയത്തേത്തുടര്‍ന്നാണ് ഈ നടപടിയെന്ന് ഡിസിപി നേരത്തേ അറിയിച്ചിരുന്നു.
ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ഈ മാസം എട്ടിനാണ് ചിത്രദുര്‍ഗ സ്വദേശിയായ രേണുകാ സ്വാമി കൊലചെയ്യപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ഒന്‍പതിന് കാമാക്ഷിപാളയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരവേ തിങ്കളാഴ്ച ഗിരിനഗറില്‍നിന്നുള്ള മൂന്നുപേര്‍ പോലീസിനുമുന്നില്‍ കീഴടങ്ങി. തങ്ങളാണ് ഈ മരണത്തിനുപിന്നിലെന്ന് ഇവര്‍ അവകാശപ്പെട്ടു. സാമ്പത്തിക ഇടപാടിനേക്കുറിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് മരിച്ചത് രേണുകാ സ്വാമി എന്നയാളാണെന്നും അതിനുപിന്നിലെ യഥാര്‍ത്ഥ കാരണവും വ്യക്തമായത്.