കൊച്ചി: ചിരിയുടെ മാലപ്പടക്കങ്ങള്‍ കൊണ്ട് മലയാളിയെ ചിരിപ്പിച്ച ചിരിതമ്പുരാന് സംവിധായകന് സിദ്ദിഖ് ഇനി ഓര്മ. എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ മലയാളികളുടെ പ്രിയസംവിധായകന്റെ ഖബറടക്കം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു.
ഉദര രോഗത്തെത്തുടര്‍ന്ന് അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാത്രിയാണ് അന്തരിച്ചത്. ജൂലായ് പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ന്യുമോണിയ ബാധയുമുണ്ടായി. തിങ്കളാഴ്ച പകല്‍ മൂന്നു മണിയോടെ ഹൃദയാഘാതം ഉണ്ടായി. തുടര്‍ന്ന് എക്മോ സഹായത്തോടെ ചികിത്സ നല്‍കിയെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായി നിരവധി പേരാണ് സിദ്ദിഖിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. ബുധനാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ പന്ത്രണ്ടുവരെ മൃതദേഹം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനു വെച്ചിരുന്നു. തുടര്‍ന്ന് കാക്കനാട് പള്ളിക്കരയിലെ വീട്ടിലെത്തിച്ചു.
ഭാര്യ: സാജിദ. മക്കള്‍: സുമയ്യ, സാറ, സുക്കൂണ്‍. മരുമക്കള്‍: നബീല്‍, ഷെഫ്സിന്‍. സഹോദരങ്ങള്‍: സലാഹുദ്ദീന്, അന്‍വര്‍, സക്കീര്‍, സാലി, ഫാത്തിമ, ജാസ്മിന്, റഹ്മത്ത്.
എറണാകുളം പുല്ലേപ്പടി കറപ്പ് നൂപ്പില്‍ ഇസ്മയിലിന്റെയും സൈനബയുടെയും എട്ടു മക്കളിലൊരാളാണ് സിദ്ദിഖ്. കലൂര്‍ സ്കൂളിലും കളമശ്ശേരി സെയ്ന്റ് പോള്‍സ് കോളേജിലും മഹാരാജാസിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. പുല്ലേപ്പടിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മിമിക്രി അവതരിപ്പിച്ചു തുടങ്ങിയ ശേഷം കൊച്ചിന് കലാഭവനിലെത്തി. അവിടെ നിന്ന് കൊച്ചിന് ഹരിശ്രീയിലേക്ക്. സംവിധായകന് ഫാസിലിന്റെ സംവിധാന സഹായിയായി. കലാഭവന്‍ മുതല്‍ ഒപ്പമുള്ള ലാലിനൊപ്പം ‘പപ്പന് പ്രിയപ്പെട്ട പപ്പന്’ എന്ന സിനിമയ്ക്ക് കഥയും തിരക്കഥയുമെഴുതി. ‘നാടോടിക്കാറ്റ്’ എന്ന സിനിമയുടെ കഥയും ഇവരുടേതായിരുന്നു.
1989-ല്‍ ‘റാംജിറാവ് സ്പീക്കിങ്’ എന്ന സിനിമയിലൂടെ സിദ്ദിഖും ലാലും സ്വതന്ത്ര സംവിധായകരായി. തുടര്‍ന്ന് ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ ചിത്രങ്ങളിലൂടെ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് ചരിത്രം സൃഷ്ടിച്ചു. 405 ദിവസം ഓടിയ ഗോഡ്ഫാദറിന്റെ റെക്കോഡ് ഇന്നും നിലനില്ക്കുന്നു.
1995-ല്‍ ലാലുമായി വേര്‍പിരിഞ്ഞ ശേഷം ഹിറ്റ്ലര്‍, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലര്‍, ബോഡി ഗാര്‍ഡ് തുടങ്ങി 13 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതില്‍ ബോഡിഗാര്‍ഡ് ഹിന്ദിയിലും തമിഴിലുമായി റീമേക്ക് ചെയ്തതും സിദ്ദിഖ് തന്നെ. ഹിന്ദി പതിപ്പ് പത്തുദിവസം കൊണ്ട് നൂറുകോടി ക്ലബ്ബിലെത്തി ബോളിവുഡിലും ശ്രദ്ധ നേടി. മോഹന്‍ലാല്‍ നായകനായ ബിഗ് ബ്രദറാണ് അവസാന ചിത്രം. മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളിലായിരുന്നു.