മരക്കാര്‍: അറബിക്കടലിന്റെ സിംഹവും ജയ് ഭീമും ഓസ്കാര്‍ നോമിനേഷന് പട്ടികയില്‍ നിന്നും പുറത്ത്. ഇരു ചിത്രങ്ങളും നോമിനേഷനായുള്ള പരിഗണന പട്ടികയില്‍ ഇടംപിടിച്ചിരുന്നെങ്കിലും മുന്നോട്ട് പോകാന്‍ സാധിച്ചില്ല. 276 ചിത്രങ്ങള്‍ക്കൊപ്പമാണ് മരക്കാറും ജയ് ഭീമും പരിഗണന പട്ടികയില്‍ ഇടം നേടിയിരുന്നത്.
മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളില്‍ മരക്കാര്‍ ദേശീയ പുരസ്കാരം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 2 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഡിസംബര്‍ 17 ന് ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ്.
നീണ്ട രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഡിസംബര്‍ രണ്ടിന് മരക്കാര്‍ തിയേറ്ററുകളിലെത്തിയത്. പ്രണവ് മോഹന്‍ലാല്‍, അര്ജ്ജുന്, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, സുനില്‍ ഷെട്ടി, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, മാമുക്കോയ, ഷിയാസ് കരീം,രഞ്ജിപണിക്കര്‍, ഗണേഷ് കുമാര്‍ തുടങ്ങിയ വലിയ താരനിരായാണ് ചിത്രത്തിലുള്ളത്.
പ്രിയദര്‍ശന്റെ സ്വപ്ന ചിത്രമായ മരക്കാറില്‍ കുഞ്ഞാലി മരക്കാര്‍ നാലാമനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലിമരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്.
പ്രമുഖ ഓസ്കര് കണ്സള്ട്ടേഷന് സ്ഥാപനമായ കൊച്ചിയിലെ പ്രോജക്ട് ഇന്‍ഡിവുഡിന്റെ നേതൃത്വത്തിലാണ് ചിത്രം ഓസ്കറിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
മദ്രാസ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ ജീവിതകഥയെ ആസ്പദമാക്കി തമിഴ് സൂപ്പര്‍ താരം സൂര്യ നായകനായെത്തിയ ചിത്രമാണ് ‘ജയ് ഭീം’. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം ഏറെ പ്രേക്ഷക നിരൂപക പ്രശംസ നേടി.
സൂരരൈ പോട്ര്’ എന്ന ചിത്രത്തിന് ശേഷം സൂര്യ നായകനായി ആമസോണ്‍ പ്രൈമിലുടെ റിലീസ് ചെയ്ത ലീഗല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ‘ജയ് ഭീം’ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രമാണ്. ജനിച്ച നാട്ടില്‍ മനുഷ്യന്മാരായി അംഗീകരിക്കപ്പെടാന്‍ ഒരു വിഭാഗം നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.