അഭിനയവും ഡാന്‍സ് നമ്പറുകളുമായി ബിഗ്സ്ക്രീനിലും മിനി സ്ക്രീനിലും ഒരേ സമയം തിളങ്ങുന്ന ശ്രീശാന്ത് മറ്റൊരു മേഖലയില്‍ കൂടി ചുവട് വെയ്ക്കുന്നു. ഗായകനായിട്ടാണ് ശ്രീശാന്തിന്റെ പുതിയ ചുവട് വെയ്പ്.
എന്‍എന്‍ജി ഫിലിംസിനു വേണ്ടി നിരുപ് ഗുപ്ത നിര്‍മ്മിച്ച് പാലൂരാന്‍ സംവിധാനം ചെയ്യുന്ന ‘ഐറ്റം നമ്പര്‍ വണ്‍’ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ക്രിക്കറ്റര്‍ ശ്രീശാന്ത് പിന്നണി ഗായകനാകുന്നത്. ചിത്രത്തിലൊരു കേന്ദ്ര കഥാപാത്രത്തെയും ശ്രീശാന്ത് അവതരിപ്പിക്കുന്നുണ്ട്.
ഡാന്‍സ് ഓറിയന്റഡ് എന്റര്‍ടെയ്നറെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തില്‍ കോമഡി ഫ്ലേവറുള്ള കഥാപാത്രമാണ് തന്റേതെന്നും കൊച്ചിയില്‍ നടന്ന റിക്കോര്‍ഡിംഗ് വേളയില്‍ തികഞ്ഞ ആഹ്ളാദത്തോടെ ശ്രീശാന്ത് അഭിപ്രായപ്പെട്ടു. സജീവ് മംഗലത്താണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
ചിത്രത്തിലെ ഒരു ഐറ്റം പാട്ടിനു വേണ്ടി, ലോകത്താകമാനം ലക്ഷകണക്കിന് ആരാധകരുള്ള സണ്ണി ലിയോണിയുടെ നൃത്തച്ചുവടുകള്‍ ചിത്രത്തിന്റെ എടുത്തു പറയാവുന്ന സവിശേഷതകളിലൊന്നാണ്.
ബോളിവുഡിലെയും സൗത്തിന്ത്യയിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ഐറ്റം നമ്പര്‍ വണ്ണിന്റെ ചിത്രീകരണം ഇന്ത്യയിലും വിദേശത്തുമായി ഉടന്‍ ആരംഭിക്കും.