രാഷ്ട്രീയത്തിലേക്കെന്ന വാര്‍ത്തകള്‍ തള്ളി തമിഴ് നടന് വിജയ്. വിജയ്യുടെ വക്താവ് റിയാസ് അഹ്മദ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. വാര്‍ത്തകള്‍ വ്യാജമാണെന്നും വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം ട്വീറ്റില്‍ വിവരിച്ചു.
വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു എന്നും ഫാന്‍സ് അസോസിയേഷനെ പാര്‍ട്ടിയാക്കി മാറ്റണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു എന്നും നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിജയ്യുടെ അച്ഛന് എസ്എ ചന്ദ്രശേഖറാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയത്. ചന്ദ്രശേഖറിന്റെ പേരാണ് ജനറല്‍ സെക്രട്ടറിയായി നല്‍കിയിരിക്കുന്നത്. പ്രസിഡന്റായി പത്മനാഭന്, ട്രഷറര്‍ ആയി ശോഭ എന്നിവരുടെ പേരുകള്‍ നല്‍കിയിട്ടുണ്ട്.
അഖിലേന്ത്യ ദളപതി വിജയ് മക്കള്‍ യെക്കം എന്നപേരിലാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കം നടക്കുന്നത് എന്നൊക്കെയായിരുന്നു റിപ്പോര്‍ട്ട്. ഇതിനെ തള്ളിയാണ് ഇപ്പോള്‍ ഔദ്യോഗിക പ്രതികരണം ഉണ്ടായിരിക്കുന്നത്.