കൊച്ചി: നടി മഞ്ജു വാര്യരോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നും എന്നാല്‍ ഇതോടെ ഈ വിഷയം നിര്‍ത്തിയെന്നും ജാമ്യത്തിലിറങ്ങിയ സംവിധായകന് സനല്‍കുമാര്‍ ശശിധരന്. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന മഞ്ജു വാര്യരുടെ പരാതിയില്‍ ഇന്നലെ അറസ്റ്റിലായ സംവിധായകന് സനല്‍ കുമാര്‍ ശശിധരന് ഇന്ന് ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മഞ്ജു വാര്യര്‍ നേരിടുന്ന ഭീഷണി താന്‍ പറയുകയായിരുന്നുവെന്നും ഭീഷണിയുണ്ടെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തോടൊപ്പം തീര്‍ത്ഥാടനത്തിന് പോകുകയായിരുന്ന തന്നെ ജാമ്യം കിട്ടുന്ന കേസില്‍ തീവ്രവാദികളെ നേരിടുന്ന പോലെ ബലമായി പിടിച്ചുവെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം തന്നെ അറിയിച്ചാല്‍ പൊലീസിന് മുമ്പില്‍ ഹാജരാകുമായിരുന്നുവെന്നും വ്യക്തമാക്കി. കരച്ചില് നിരായുധന്റെ ആയുധമാണെന്നും അതിനെ പരിഹസിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും സംവിധായകന് പറഞ്ഞു.
താന്‍ മഞ്ജുവിനെ പിന്തുടര്ന്ന് ശല്യം ചെയ്തുവെന്നത് നിഷേധിച്ച അദ്ദേഹം നടിയുമായി ആശയ വിനിമയം നടത്തിയിട്ട് കുറേ നാളായെന്നും പറഞ്ഞു. താന്‍ സംവിധാനം ചെയ്യുകയും മഞ്ജുവാര്യര്‍ അഭിനയിക്കുകയും ചെയ്ത ‘കയറ്റം’ സിനിമയുടെ റിലീസ് പ്രതിസന്ധി പറയാനാണ് അവരെ കാണാന്‍ ശ്രമിച്ചതെന്നും നടി ആരുടെയൊക്കെയോ തടവറയിലാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സനല്‍കുമാര്‍ വ്യക്തമാക്കി. കേരളത്തിലെ ക്രമസമാധാനനിലയെ കുറിച്ചുള്ള ആശങ്ക രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആലുവ മജിസ്ട്രേറ്റ് കോടതിയാണ് സനല്‍കുമാറിന് ജാമ്യം അനുവദിച്ചത്. സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് സനലിനെതിരെ ചുമത്തിയിരുന്നത്. പരാതി ബോധിപ്പിക്കാന്‍ ഉണ്ടെന്നും എന്നാല്‍ പൊലീസിനെതിരെ പരാതി ഇല്ലെന്നും സനല്‍ കുമാര്‍ കോടതിയെ അറിയിച്ചു. അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കോടതിയിലെത്തിക്കും മുന്‍പ് സനല്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്ന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള മഞ്ജു വാര്യരുടെ പരാതിയില്‍ എളമക്കര പൊലീസാണ് സനല്‍കുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്. കേസില്‍ മഞ്ജു വാര്യരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. പാറശ്ശാലയില്‍ നിന്നാണ് സനല്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സ്വകാര്യ വാഹനത്തിലായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്. കസ്റ്റഡിയിലെടുക്കുന്നതിനെ അദ്ദേഹം ചെറുത്തു. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് സനല്‍കുമാര്‍ അറസ്റ്റിലായിരുന്നത്. ഫേസ്ബുക്ക് ലൈവ് നല്‍കുകയും ചെയ്തിരുന്നു. തന്നെ കൊണ്ടുപോകാനെത്തിയത് പൊലീസുകാരല്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നുമാണ് അദ്ദേഹം ലൈവില്‍ പറഞ്ഞിരുന്നത്.