കൊല്‍ക്കത്ത: സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സ തേടാന്‍ മടിച്ച് ബ്രിട്ടീഷ് നടി ബനിത സന്ധു. സിനിമാ ഷൂട്ടങ്ങിനായി ഡിസംബര്‍ 20ന് ബ്രിട്ടനില്‍ നിന്നെത്തിയ ഇവര്‍ക്ക് കഴിഞ്ഞ തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ജനിതക മാറ്റം സംഭവിച്ച അതിതീവ്ര കോവിഡ് സ്ഥിരീകരിച്ച യുവാവ് യാത്ര ചെയ്ത വിമാനത്തിലാണ് ബനിത കൊല്‍ക്കത്തയില്‍ എത്തിയിരുന്നത്.
പോസിറ്റീവായ ഉടന്‍ പുതിയ കോവിഡ് വകഭേദമാണോ ഇവരില്‍ ഉള്ളത് എന്ന പരിശോധനയ്ക്കാണ് നടിയെ കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഈ ഹോസ്പിറ്റലില്‍ ചികിത്സ സ്വീകരിക്കാന്‍ വിസമ്മതിച്ചു. മതിയായ അടിസ്ഥാന സൗകര്യങ്ങളില്ല എന്നായിന്നു നടിയുടെ പരാതി.
ഇതേക്കുറിച്ച് ആരോഗ്യപ്രവര്‍ത്തകനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ;
‘ആംബുലന്‍സില്‍ നിന്ന് പുറത്തിറങ്ങാന്‍ അവര്‍ തയ്യാറായിരുന്നില്ല. പോകണമെന്നായിരുന്നു നടിയുടെ ആവശ്യം. ഞങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റിനെയും ആരോഗ്യ വകുപ്പിനെയും കാര്യങ്ങള്‍ അറിയിച്ചു. പോകാന്‍ സമ്മതിക്കരുത് എന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷനില്‍ നിന്ന് ഞങ്ങള്‍ക്ക് നിര്‍ദേശം കിട്ടി. പൊലീസിനെയും വിവരമറിയിച്ചു. പുറത്തു പോകാതിരിക്കാന്‍ പൊലീസ് ആംബുലന്‍സ് വളയുകയും ചെയ്തു. പിന്നീട് ആരോഗ്യവകുപ്പിന്റെ അനുമതിയോടെ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു’.
കമല്‍ മുസലെ സംവിധാനം ചെയ്യുന്ന കവിത ആന്‍ഡ് തെരേസ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് നടി ഇന്ത്യയിലെത്തിയത്. മദര്‍ തെരേസയുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. ബോളിവുഡ് സിനിമയായ ഒക്ടോബറില്‍ വരുണ്‍ ധവാന് ഒപ്പം അഭിനയിച്ചിട്ടുള്ള താരമാണ് ബനിത സന്ധു.