സിനിമ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് സാന്ദ്ര തോമസ് പുറത്ത്. ഒരാഴ്ച മുന്‍പായിരുന്നു നടപടി. അച്ചടക്ക ലംഘനം നടത്തിയതിനായിരുന്നു നടപടി. സംഘടന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് വിമര്‍ശനം.
കഴിഞ്ഞ കുറച്ചു നാളുകളായി സാന്ദ്ര തോമസും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുള്ള ബന്ധം അത്ര സൗഹൃദപരമായിരുന്നില്ല. ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടന സ്വീകരിച്ച നിലപാടിനെതിരെ നേരത്തെ തന്നെ സാന്ദ്ര രംഗത്ത് വന്നിരുന്നു. മാധ്യമങ്ങളില്‍ നേരിട്ട് വന്നു തന്നെ പല വിഷയങ്ങളിലും പ്രതികരിക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളില്‍ അച്ചടക്ക ലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
പല പരാതികളും സംഘടനയ്ക്കെതിരെ സാന്ദ്ര ഉന്നയിക്കുന്ന സാഹചര്യമുണ്ടായിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ക്കെതിരെ നേരത്തെ സാന്ദ്ര പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പുറത്താക്കലിനു കേസുമായി ബന്ധമില്ലെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ വിശദീകരണം. പുറത്താക്കിയ വിവരം സാന്ദ്ര തോമസിനെ അറിയിച്ചിട്ടുണ്ട്.