സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് എം.മുകേഷിനെ മാറ്റി. സി.പി.ഐ.എമ്മിന്റെ നിർദ്ദേശപ്രകാരമാണ് മുകേഷിനെ മാറ്റിയത്. ഫെഫ്ക അധ്യക്ഷൻ ബി.ഉണ്ണികൃഷ്ണൻ അടക്കം ബാക്കിയുള്ള 9 പേരും സമിതിയിൽ തുടരും.സിനിമ നയ രൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കണം എന്നാവശ്യം ശക്തമായിരുന്നു.ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് ഷാജി എന്‍ കരുണ്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, മഞ്ജു വാര്യര്‍, ബി ഉണ്ണികൃഷ്ണന്, പത്മപ്രിയ, രാജീവ് രവി, നിഖില വിമല്‍, സന്തോഷ് കുരുവിള, സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
സമഗ്രമായ സിനിമാ നയം രൂപീകരിക്കഗുന്നതിൻ്റെ മുന്നോടിയായി സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവാണ് നവംബറിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്നത്. അതേസമയം കോൺക്ലേവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇരകളേയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ കോൺക്ലേവെന്ന് ഡബ്ലിയുസിസിയും പരിഹസിച്ചിട്ടുണ്ട്.