ചങ്ങനാശേരി: അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ സ്വപിനം പൂവണിയുന്നു. കുടുംബത്തിന് വീടു നിര്‍മ്മിക്കാന്‍ ഏഴ് സെന്റ് സ്ഥലം ഇഷ്ടദാനമായി നല്കി ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍. സുധിയുടെ മക്കളായ രാഹുലിന്റെയും റിഥുലിന്റെയും പേരിലാണ് ചങ്ങനാശ്ശേരിയിലെ സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് സുധി മടങ്ങിയത്. സുധിയുടെ ഏറ്റവും വലിയ സ്വപ്നത്തിന്റെ തുടക്കമാണ് ഇതെന്ന് ഭാര്യ രേണു പറഞ്ഞു. ഇത് കാണാന്‍ അദ്ദേഹം ഇല്ലാതെ പോയതാണ് ഏറെ സങ്കടം. സുധിച്ചേട്ടന്റെ സാന്നിദ്ധ്യം ഇവിടെയുണ്ടെന്നും രേണു കൂട്ടിച്ചേര്‍ത്തു.
സ്ഥലത്തിന്റെ രേഖകള്‍ സുധിയുടെ ഭാര്യ രേണുകക്കും മകനും കൈമാറി. തനിക്ക് ലഭിച്ച കുടുംബസ്വത്തില്‍ നിന്നാണ് ഏഴ് സെന്റ് ഭൂമി സുധിയുടെ കുടുംബത്തിന് നല്‍കിയതെന്ന് നോബിള്‍ ഫിലിപ്പ് പറഞ്ഞു.
ജൂണ്‍ അഞ്ചാം തീയതി പുലര്‍ച്ചെ നാലരയോടെയാണ് തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ച് കൊല്ലം സുധിക്ക് അപകടം ഉണ്ടാകുന്നത്. കോഴിക്കോട് വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന അദ്ദേഹവും ബിനു അടിമാലിയും ഉല്ലാസ് അരൂരും, മഹേഷും സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ ആര് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.