വർഷങ്ങളായുള്ള പുകവലി ശീലം ഉപേക്ഷിച്ചു എന്ന് വെളിപ്പെടുത്തി ഷാരൂഖ് ഖാൻ. തന്റെ 59-ാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മീറ്റ് ആൻഡ് ഗ്രീറ്റ് ചടങ്ങിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
” പുകവലി നിർത്തുന്നതോടെ എന്റെ ശ്വാസതടസ്സം പൂർണമായി മാറുമെന്ന് പ്രതീക്ഷിച്ചെങ്കിലും, ഇപ്പോഴും ഞാൻ അതുമായി പൊരുത്തപ്പെട്ടുവരുന്നതേയുള്ളൂ” താരം പറഞ്ഞു. താൻ ഒരു ദിവസം നൂറോളം സിഗരറ്റുകൾ വലിക്കുമായിരുന്നുവെന്ന് ഷാരൂഖ് മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. എന്നാൽ ഷാരുഖ് ഖാന്റെ ഈ തീരുമാനം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിവെക്കുന്നുണ്ട്. ആദ്യം, താങ്കൾ പാൻ മസാല പരസ്യങ്ങളിൽ അഭിനയിക്കുന്നത് നിർത്തൂ, ഇത്രയും വര്ഷം പുകവലിച്ചതിന് ശേഷവും ആരോഗ്യത്തോടെ ഇരിക്കാൻ താങ്കൾക്ക് കഴിയുമായിരിക്കും, എന്നാൽ താങ്കളെ അനുകരിച്ച് പുകവലി ആരംഭിച്ച സാധാരക്കാർക്ക് കഴിയണമെന്നില്ല എന്ന തരത്തിലാണ് വിമർശനങ്ങൾ. വിമൽ എന്ന പാൻമസാലയുടെ പരസ്യത്തിൽ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ,അക്ഷയ് കുമാർ തുടങ്ങിയവർ ചേർന്ന് അഭിനയിച്ചത് വലിയ വിവാദമായിരുന്നു.
ഷാരൂഖിന് ഇപ്പോഴെങ്കിലും ഈ ദുശീലം നിർത്താനും അത് പൊതുവേദിയിൽ സമ്മതിക്കാനും മനസ്സ് വന്നല്ലോ എന്ന് കമന്റ് ചെയ്ത് പിന്തുണ നൽകി ആരാധകരും എത്തിയിട്ടുണ്ട്. മുമ്പ് ഒരു ചിത്രത്തിന്റെ പ്രൊമോഷന് ഇടയിൽ ഷാരൂഖ് പറഞ്ഞത്, ഒരു മനുഷ്യന് ഉണ്ടാകാവുന്ന ഏറ്റവും മോശം ശീലമാണ് പുകവലി, ഞാനിത് നിർത്താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, എന്റെ ആരാധകരോട് പറയാനുള്ളത്, ദയവായി നിങ്ങൾ പുകവലി നിർത്തൂ എന്നാണ്.