ചെന്നൈ: മലയാള സിനിമാ ലൊക്കേഷനിൽ കാരവാനിൽ ഒളിക്യാമറ വെയ്ക്കുന്നുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ മോഹൻലാൽ തന്നെ ഫോണിൽ വിളിച്ച് കാര്യം അന്വേഷിച്ചെന്ന് നടി രാധിക ശരത്കുമാർ. ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് രാധിക ഇക്കാര്യം പറഞ്ഞത്.
“മോഹന്‍ലാല്‍ സാര്‍ എന്നെ വിളിച്ച് ചോദിച്ചു, അയ്യോ ഇത് എന്റെ സെറ്റിലാണോ നടന്നത് എന്ന്. സാര്‍, ഞാന്‍ പേര് പറയാന്‍ താല്പര്യപ്പെടുന്നില്ലെന്ന് പറഞ്ഞു. നിങ്ങളുടേതോ അതോ മറ്റാരുടെയെങ്കിലുമോ സെറ്റ് എന്ന കാര്യം വെളിപ്പെടുത്താന്‍ താല്പര്യമില്ലെന്ന കാര്യം അറിയിച്ചു”, രാധിക ശരത്കുമാര് മാധ്യമങ്ങളോട് പറഞ്ഞു. തമിഴ് സിനിമയിലും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും വാര്‍ത്താ സമ്മേളനത്തില്‍ രാധിക പറഞ്ഞു. തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്നതാണ് പ്രധാന വെളിപ്പെടുത്തല്‍.
അതേ സമയം ലൈംഗികാരോപണ പരാതിയിൽ സംവിധായകൻ വി കെ പ്രകാശിന് കുരുക്ക് മുറുകുകയാണ്. യുവതിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് കിട്ടി. 2022 ഏപ്രിൽ 4-ന് യുവതി കൊല്ലം ബീച്ച് ഓർക്കിഡ് ഹോട്ടലിലെത്തി. വി കെ പ്രകാശാണ് യുവതിക്ക് മുറിയെടുത്തത്. ഇതേസമയം വി കെ പ്രകാശ് ഹോട്ടലിൽ എത്തിയതിനും തെളിവുകളുണ്ട്. ഇതിന്റെ ഹോട്ടൽ രേഖകൾ പൊലീസിന് ലഭിച്ചു. യുവതിയുടെ രഹസ്യമൊഴി ഉടൻ രേഖപ്പെടുത്തും.