ചലച്ചിത്ര അക്കാദമിയുടെ ഇടക്കാല പ്രസിഡൻ്റായി നടൻ പ്രേംകുമാറിനെ നിയമിച്ചു. നിലവിൽ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ ആണ്. ബംഗാളി നടിയുടെ ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. പ്രേംകുമാറിനെ അക്കാദമി തലവനായി ഇടക്കാല നിയമനം നൽകി സാംസ്കാരിക മന്ത്രാലയം ഉത്തരവിറക്കി.
പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടിയുടെ പരാതി. ലൈംഗിക താത്പര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ ആരോപണം ഉയർന്നത്.