താന്‍ നായകനായി അഭിനയിച്ച അര്ജുന് റെഡ്ഡിയില്‍ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്ന് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. സംവിധായകന് കരണ്‍ ജോഹര്‍ അവതാരകനായ കോഫി വിത്ത് കരണ്‍ എന്ന ഷോയിലായിരുന്നു വിജയുടെ പ്രതികരണം. ഒരു കഥാപാത്രവുമായി താദാത്മ്യപ്പെടാനായില്ലെങ്കില്‍ അത് അവതരിപ്പിക്കാന്‍ തനിക്ക് സാധിക്കില്ല. അതുകൊണ്ട് അര്ജുന് റെഡ്ഡിയെ താന്‍ പിന്തുണക്കുമെന്നും അത് ഒരു അഭിനേതാവിന്റെ കാഴ്പ്പാടാണെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
ആ കഥാപാത്രത്തെ ജഡ്ജ് ചെയ്യാന്‍ നിന്നാല്‍ അത് എനിക്ക് അവതരിപ്പിക്കാന്‍ പറ്റില്ല. അതില്‍ സ്ത്രീവിരുദ്ധമായത് ഒന്നും താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പേരുടെ വളരെ യുണീക്കായിട്ടുള്ള റിലേഷന്‍ഷിപ്പാണ് അതെന്നാണ് തനിക്ക് തോന്നിയത്. അങ്ങനെയായിരുന്നു അവരുടെ റിലേഷന്‍ഷിപ്പ്, അവര്‍ക്ക് അത് സ്നേഹമായിരുന്നു. അത് ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ താന്‍ ആളല്ല.
എന്നാല്‍ ടോക്സിക് റിലേഷനിലൂടെ കടന്നു പോയവരെ ആ സിനിമ വേദനിപ്പിച്ചുവെന്നും വിജയ് പറഞ്ഞു. എന്നാല്‍ വിജയ്ക്കൊപ്പം ചാറ്റ് ഷോയ്ക്കെത്തിയ അനന്യ പാണ്ഡേ ചിത്രത്തെ വിമര്‍ശിച്ചു. സിനിമയിലെ പാട്ടുകള്‍ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ തനിക്ക് സ്വീകാര്യമായ ഒരു റിലേഷന്‍ഷിപ്പ് അല്ല അത്. അങ്ങനെയൊന്നില്‍ താന്‍ ഓക്കെ ആയിരിക്കില്ല. അത് പേടിപ്പെടുത്തുന്നതാണെന്നാണ് അവര്‍ പറഞ്ഞത്.
സിനിമയില്‍ കാണുമ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയാവുന്നതില്‍ കുഴപ്പമില്ല എന്ന് വിചാരിക്കുന്നവരുണ്ട്. കാരണം സിനിമ സ്വാധീനമുള്ള മാധ്യമമാണെന്നും അനന്യ പറഞ്ഞു. ഇരുവരും നായികാ നായകന്മാരായി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈഗര്‍ ഉടന്‍ പുറത്തിറങ്ങും. ആഗസ്ത് 25നാണ് ചിത്രത്തിന്റെ റിലീസ്.