സിനിമാ സംബന്ധിയായ പരിപാടികള്‍ കവര്‍ ചെയ്യുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന് നിര്‍ബന്ധമാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. അഭിനേതാക്കളോട് മോശമായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്നതും മരണ സ്ഥലത്ത് പോലും ക്യാമറകളുമായി പിന്തുടരുന്ന ഓൺലൈൻ മാധ്യമങ്ങളുടെ രീതിയിൽ ബുദ്ധിമുട്ട് ചൂണ്ടികാണിച്ചുമാണ് പരാതി നൽകിയിരിക്കുന്നത്.ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
നാളെ ചേരുന്ന ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യും.സിനിമാ വ്യവസായത്തിന്റെ ഭാഗമായ അംഗീകൃത പിആര്‍ഒയുടെ കവറിംഗ് ലെറ്റര്‍ ഹാരജാക്കണം തുടങ്ങി ആറ് നിര്‍ദേശങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അക്രഡിറ്റേഷനുവേണ്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുറത്തിറക്കിയിട്ടുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകര്‍ സിനിമകളുടെ പ്രൊമോഷനുവേണ്ടി ഇന്ന് ഏറ്റവും ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളെയാണ്. എന്നാല്‍ അവരില്‍ ഒരു വിഭാഗത്തിന്റെ സമീപനം പലപ്പോഴും വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.