വിവാദങ്ങള്‍ക്ക് പിന്നാലെ നടന് ജോജു ജോര്‍ജിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അപ്രത്യക്ഷമായി. തനിക്ക് ഇനി മുതല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വേണ്ടെന്നാണ് താരത്തിന്റെ നിലപാട്. ഏറെ സജീവമായിരുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് നടന് ഡീലിറ്റ് ചെയ്തത്. തന്നെ സ്നേഹിക്കുന്ന പ്രേക്ഷക മനസില്‍ തനിക്ക് സ്ഥാനമുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ അത് പങ്കുവയ്ക്കേണ്ട ആവശ്യമില്ലെന്നുമാണ് ജോജു അറിയിച്ചത്.
അതേസമയം അക്കണ്ടുകള്‍ ഹാക്ക് ചെയ്തതാണെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അക്കാര്യം ജോജുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സി നിഷേധിച്ചു. ജോജുവിന്റെ നിര്‍ദേശ പ്രകാരമാണ് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തതെന്ന് അവര്‍ അറിയിച്ചു.
ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപരോധ സമരത്തിനെതിരെ കഴിഞ്ഞ ദിവസം ജോജു പ്രതികരിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു.
അതേസമയം കോണ്‍ഗ്രസ് റോഡ് ഉപരോധത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നടന് ജോജു ജോര്‍ജിനെതിരെ ആക്രമണം നടത്തിയവരില്‍ ചിലരെ താരം തിരിച്ചറിഞ്ഞതായി കൊച്ചി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. തിരിച്ചറിഞ്ഞ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും. ജോജുവിന്റെ വാഹനം തകര്‍ത്തതിന് കേസ് എടുത്തിട്ടുണ്ട്. പ്രതികളെ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും അറസ്റ്റു ചെയ്യുകയെന്നും കാര്‍ തകര്‍ക്കുന്ന ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ തിരിച്ചറിഞ്ഞതായും കമ്മീഷണര്‍ പറഞ്ഞു. നേരത്തെ പ്രതികളെ തിരിച്ചറിയാന്‍ ദൃശ്യങ്ങളും ചിത്രങ്ങളും പൊലീസ് ജോജുവിന് അയച്ചുകൊടുത്തിരുന്നു.
ജോജുവിനെ ആക്രമിച്ചെന്നു കാട്ടി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കും. പ്രതികള്‍ എത്ര ഉന്നതരായാലും അറസ്റ്റ് നടക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
അതേസമയം ജോജുവിനെതിരായ മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ ഇതുവരെ വിശ്വസനീയമായ തെളിവ് ലഭിച്ചിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.