ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ അഭിമുഖം നൽകിയതിന് ആരാധകർക്കിടയിൽ ടോപ് സ്റ്റാർ എന്നറിയപ്പെടുന്ന നടൻ പ്രശാന്തിന് പിഴ. ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് പ്രശാന്തും അവതാരകയായ താരയും ബൈക്കിൽ സംസാരിക്കുന്നത്. വീഡിയോ വൈറലായതോടെ എക്സിലെ ഉപയോക്താക്കൾ ട്രാഫിക് ലംഘനം ചൂണ്ടിക്കാട്ടി ചെന്നൈ ട്രാഫിക് പോലീസിനെ ടാഗ് ചെയ്തു.പ്രശാന്ത് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഓടിക്കുകയും അവതാരക പിന്‍സീറ്റില്‍ ഇരിക്കുകയും ചെയ്തുകൊണ്ടായിരുന്നു അഭിമുഖം. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല.സംഭവം ശ്രദ്ധയിൽപ്പെട്ട ഗ്രേറ്റർ ചെന്നൈ ട്രാഫിക് പോലീസ് ഹെൽമറ്റ് ധരിക്കാത്തതിന് 2000 രൂപ പിഴ ചുമത്തി.
ഇതിന് പിന്നാലെ പ്രശാന്ത് ഒരു വിശദീകരണ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. അഭിമുഖത്തിൽ ചോദ്യങ്ങള്‍ കൃത്യമായി കേള്‍ക്കാനും മറുപടി പറയാനും ബുദ്ധിമുട്ടാകും എന്നതിനാൽ താൻ ഹെൽമെറ്റ് ധരിക്കാതിരുന്നത് എന്ന് പ്രശാന്ത് വീഡിയോയിൽ പറയുന്നത്.സുരക്ഷയാണ് ആദ്യം. ഹെൽമെറ്റ് ധരിച്ച് സുരക്ഷിതരായിരിക്കുക.പ്രശാന്തിന്റെ പിതാവും നടനും സംവിധായകനുമായ ത്യാഗരാജൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അന്ധകൻ. അന്ധാധുൻ എന്ന ബോളിവുഡ് സിനിമയുടെ റീമേക്കായ അന്ധകനിൽ പ്രശാന്തിന് പുറമെ പ്രിയ ആനന്ദ്, സിമ്രാൻ, കാർത്തിക്, യോഗി ബാബു തുടങ്ങിയവരും ഭാഗമാണ്.