പുതിയ സിനിമയുടെ ചിത്രീകരണത്തിനായി രജനികാന്ത് ഒക്ടോബര്‍ മൂന്നിന് ലസ്ഥാനത്തെത്തും. തലൈവര്‍ 170’യുടെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഒക്ടോബര്‍ പതിമൂന്ന് വരെ രജനികാന്ത് തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് വിവരം. ടി ജെ ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആദ്യമായാണ് ഒരു രജനി ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചന്, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ബച്ചന് ഒഴികെയുള്ള താരങ്ങള്‍ തിരുവനന്തപുരത്തെത്തും. തമിഴിലെ പ്രശസ്ത നിര്‍മ്മാണക്കമ്പനിയായ ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരന്‍ ആണ് നിര്‍മ്മാണം. രജനികാന്തിന്റെ വില്ലനാകുന്നത് ഫഹദ് ആണെന്നാണ് റിപ്പോര്‍ട്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170.
ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. രജനിയുടെ വരവ് ആരാധകരെ ഹരം കൊള്ളിക്കുമെന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനമാകും ഏര്‍പ്പെടുത്തുക. നാഗര്‍കോവില്‍, കന്യാകുമാരി എന്നിവിടങ്ങളും ലൊക്കേഷനാണ്.