ന്യൂഡല്‍ഹി: കുട്ടികളില്‍ കൊവിഡ് പ്രതിരോധത്തിനുള്ള നൊവാവാക്സ് വാക്സിൻ്റെ ക്ലിനിക്കല്‍ പരീക്ഷണം ജൂലൈയിൽ ആരംഭിക്കും. പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് കുട്ടികളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താൻ പദ്ധതിയിടുന്നത്. ഇന്ത്യയില്‍ കുട്ടികളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന നാലാമത്തെ വാക്സിനാണ് നൊവാവാക്സ്.
യുഎസ് കമ്പനിയായ നോവവാക്സിൻ്റെ കൊവിഡ് വാക്സിൻ്റെ മറ്റൊരു പതിപ്പായ കോവവാക്സ് സെപ്റ്റംബറോടെ രാജ്യത്ത് അവതരിപ്പിക്കാനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് 12- 18 വയസുവരെയുള്ള കുട്ടികളില്‍ ഇതിനോടകം തന്നെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടങ്ങി കഴിഞ്ഞു.
സൈകോവ്ഡ് വാക്സിന് നിര്‍മാതാക്കളായ സൈഡസ് കാഡിലയും കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്കയില്‍ 12 വയസ് മുതലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന് നല്‍കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.
നോവവാക്സിന് മൊത്തത്തില്‍ 90.4 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും, വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമാണെന്നും നോവവാക്സ് നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്നു. നിലവിലുള്ള വൈറസ് വകഭേദങ്ങള്‍ക്കെതിരെ 93 ശതമാനം ഫലപ്രാപ്തി നോവവാക്സിനുണ്ടെന്നും കമ്പനി അറിയിച്ചിരുന്നു.