റാഞ്ചി: ജാര്‍ഖണ്ഡില്‍ ബിജെപി നേതാവിന്റെ മകളെ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി. പതിനാറുകാരിയായ പത്താം ക്ലാസ് വിദ്യാര്‍ഥിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പലാമു ജില്ലയിലെ ലലിമതി വനത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10 ന് വീട്ടില്‍നിന്നും പുറത്തേക്കുപോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.
കൊലപ്പെടുത്തുന്നതിന് മുന്‍പ് പെണ്‍കുട്ടിയുടെ വലത് കണ്ണ് അക്രമികള്‍ ചൂഴ്ന്ന് എടുത്തു. പന്കി പോലീസ് സ്റ്റേഷന് പരിധിയിലുള്ള ബുധബാര്‍ ഗ്രാമത്തിലാണ് പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്നത്. ബിജെപി നേതാവിന്റെ അഞ്ച് മക്കളില്‍ മൂത്തകുട്ടിയാണ് കൊല്ലപ്പെട്ടത്. അക്രമം നടന്ന സ്ഥലത്തുനിന്നും കണ്ടെത്തിയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രദീപ് കുമാര്‍ സിംഗ് ധനുക് (23) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പോലീസ് നിഗമനം.