ന്യുഡല്‍ഹി: ഡല്‍ഹിയിലെ കന്റോണ്‍മെന്റ് മേഖലില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ശ്മശാനത്തില്‍ സംസ്കരിച്ചുവെന്ന കേസില്‍ മാതാപിതാക്കളെ ആശ്വസിപ്പിച്ച് മകാണ്‍ഗ്രസ് മൂന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. ഞായറാഴ്ച ശ്മശാനത്തിലെ കൂളറില്‍ നിന്ന് തണുത്തവെള്ളമെടുക്കാന് ചെന്ന പെണ്‍കുട്ടിയെ പൂജാരിയും മറ്റുള്ളവരും ചേര്‍ന്ന ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ശേഷം ബലമായി സംസ്കരിക്കുകയും ആയിരുന്നു.
കുടുംബവുമായി താന്‍ സംസാരിച്ചുവെന്നും അവര്‍ക്ക് നീതി അല്ലാതെ മറ്റൊന്നുമല്ല ആവശ്യമെന്നും അവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ അവര്‍ക്കൊപ്പമാണെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അവരുടെ മകള്‍, ഈ രാജ്യത്തിൻ്റെ മകള്‍ നീതി അര്‍ഹിക്കുന്നു. അതാണ് അവരുടെ കണ്ണുനീര് പറയുന്നത്. താന്‍ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ അവര്‍ക്കൊപ്പമായിരിക്കുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കുട്ടിയുടെ മാതാപിതാക്കളെ കാണാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സ്ഥലത്തെത്തി. കുടുംബത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ശ്മശാന പ്രദേശം പ്രതിഷേധഭൂമിയായി മാറിക്കഴിഞ്ഞു. തിക്കിലും തിരക്കിലൂംപെട്ട് കെജ്രിവാള് അടക്കമുള്ളവര്‍ മറിഞ്ഞുവീഴുകയും പ്രതിഷേധക്കാര്‍ ഇരുന്ന സമരപ്പന്തലിൻ്റെ ഒടിഞ്ഞുവീഴുകയും ചെയ്തു.
സമരസ്ഥലത്തെത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധവുമുണ്ടായി. പ്രതിഷേധത്തിനിടെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുട്ടിയുടെ മാതാപിതാക്കളെ കണ്ടു മടങ്ങി. നേരത്തെ ദളിത് നേതാവും ഭീം ആര്‍മി പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രശേഖര്‍ ആസാദും കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. നങ്കലില്‍ പ്രതിഷേധത്തിന് ഭീം ആര്‍മി നേതൃത്വം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് സംസ്കാരമെന്നും പ്രതിഷേധിച്ചതിന് മര്‍ദ്ദിച്ചുവെന്നും ഇവര്‍ പറയുന്നു. കുട്ടിയുടെ മൃതദേഹം കത്തിതീര്ന്നതുവരെ പോലീസ് നോക്കി നിന്നുവെന്നും ഇവര്‍ ആരോപിച്ചു.
സംഭവത്തില്‍ പൂജാരിയടക്കം നാലു പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പോക്സോ, എസ്.സി, എസ്.ടി നിയമപ്രകാരവും കേസെടുത്തതായി പോലീസ് പറയുന്നു.