തിരുവനന്തപുരം: ബൈജൂസ് ആപ്പ് ഒടുവില്‍ സ്വന്തം നാട്ടില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ബൈജൂസിന്റെ വമ്പന്‍ ടെക്നോളജി സെന്ററാണ് കേരളത്തില്‍ സ്ഥാപിക്കുന്നത്.
തിരുവനന്തപുരത്തും കൊച്ചിയിലും സെന്റര്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി. തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കില്‍ കെട്ടിടം ഏറ്റെടുക്കുന്നത് സംബന്ധിച്ചുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കൊച്ചിയിലും ക്യാമ്പസിനായി സ്ഥലം നോക്കുന്നുണ്ട്.
ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. തുടര്‍ന്ന് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിടാനാണ് ബൈജൂസ് ആലോചിക്കുന്നത്. കണ്ണൂര്‍ സ്വദേശിയായ ബൈജു രവീന്ദ്രന് ആരംഭിച്ച എഡ്യൂടെക് കമ്പനിയാണ് ബൈജൂസ് ആപ്പ്. എഡ്യൂടെക് രംഗത്ത് ലോകത്ത് ഏറ്റവും മൂല്യമുളള സംരംഭമാണ് ബൈജൂസ് ആപ്പ്. സംരംഭം ആരംഭിച്ച് വെറും എട്ട് വര്‍ഷം കൊണ്ടാണ് ഈ നേട്ടം ബൈജൂസ് സ്വന്തമാക്കിയത്. 40,000 കോടി രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ആകെ മൂല്യം.
വെര്‍ച്വല്‍ റിയാലിറ്റി സ്റ്റുഡിയോ ഉള്‍പ്പടെയുളള അത്യാധൂനിക സൗകര്യങ്ങളുളള വമ്പന്‍ ടെക് പ്രൊഡക്ഷന്‍ സെന്ററാണ് തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ ബൈജൂസ് പദ്ധതിയിടുന്നത്. മറ്റ് കമ്പനികളുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനമെന്നാണ് ലഭിക്കുന്ന സൂചന. തിരുവനന്തപുരം സെന്ററില്‍ 1,000 പ്രഫഷണലുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. തുടക്കത്തില്‍ 300 പേരെ ഉള്‍പ്പെടുത്തിയായിരിക്കും ക്യാമ്പസിന്റെ പ്രവര്‍ത്തനം.
ബാംഗ്ലൂരാണ് കമ്പനിയുടെ ആസ്ഥാനം. ഇവിടുത്ത പ്രധാന പ്രൊഡക്ഷന്‍ സെന്ററില്‍ 1,500 ജീവനക്കാരുണ്ട്.