പുതുവര്‍ഷത്തില്‍ ടെലികോം സേവനദാതാക്കളായ ജിയോ, എയര്‍ടെല്‍ എന്നിവര്‍ നിരക്കു വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നാണ് സൂചന. നിലവിലുള്ള പ്ലാനുകളില്‍ മാറ്റം വരികയും, നിരക്കുകളില്‍ 10 ശതമാനത്തോളം വര്‍ധന വരികയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിസിനസ് ഇന്‍സൈഡര്‍ നല്കുന്ന റിപ്പോര്‍ട്ട് പ്രകാരം, ജിയോ, എയര്‍ടെല്‍ കമ്പനികള്‍ തങ്ങളുടെ താരിഫുകളില്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് 10 ശതമാനം വര്‍ധന വരുത്തും. തുടര്‍ച്ചയായ വര്‍ധനയായിരിക്കും ഇത്. 2023, 2024, 2025 സാമ്പത്തിക വര്‍ഷങ്ങളുടെ നാലാം പാദത്തില്‍ നിരക്കു വര്‍ധന നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
അതായത് വരും വര്‍ഷങ്ങളില്‍ നാലാം പാദങ്ങളില്‍ മൊബൈല്‍ പ്ലാനുകളില്‍ വര്‍ധന പ്രതീക്ഷിക്കണം. ഇത്തരത്തില്‍ എല്ലാ പ്ലാനുകളും ഉടച്ചു വാര്‍ക്കാനാണ് സാധ്യത. നിലവിലുള്ള ഉപഭോക്താക്കള്‍ നഷ്ടപ്പെടാതെയും, പുതിയ കസ്റ്റമേഴ്സിനെ ആകര്‍ഷിക്കുന്ന തരത്തിലും പ്ലാനുകള്‍ ക്രമീകരിക്കുക എന്നത് കമ്പനികളെ സംബന്ധിച്ച് വെല്ലുവിളിയാകും.
കമ്പനികളുടെ വരുമാനത്തിലും, ലാഭവിഹിതത്തിലും സമ്മര്‍ദ്ദം നേരിടുന്നതിനാലാണ് ഇത്തരം നിരക്കു വര്‍ധനയ്ക്ക് മുതിരുന്നത്. എയര്‍ടെല്‍, തങ്ങളുടെ നിലവിലുള്ള പ്ലാനുകളില്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ആരംഭിച്ചു കഴിഞ്ഞു. ഇത് കൂടാതെ, താരതമ്യേന നിരക്കുകള്‍ കുറഞ്ഞ ചില പ്ലാനുകള്‍ ഒഴിവാക്കുകയും ചെയ്തു.