ചൊവ്വാഴ്ച മർച്ചന്റ്സ് അസോസിയേഷൻറെ മുനിസിപ്പൽ ഓഫീസ് മാർച്ച്
മൂവാറ്റുപുഴ : രൂക്ഷമായ ഗതാഗതകുരുക്കും വഴിയോര കച്ചവടക്കാരും പിന്നെ നഗരസഭ അധികൃതരുടെ വ്യാപാര സമൂഹത്തോടുള്ള ഇരട്ടത്താപ്പും കൊണ്ട് പൊറുതിമുട്ടിയ മൂവാറ്റുപുഴയിലെ വ്യാപാരികൾ ഒന്നാകെ തെരുവ് സമരത്തിലേക്ക്.
വ്യാപാര മാന്ദ്യത്തിനൊപ്പം നഗരസഭ കെട്ടിടങ്ങളുടെ ഭീമമായ വാടക വർധനവും ഭീമമായ നികുതി വർദ്ധനവും അനധികൃത വഴിയോര കച്ചവടങ്ങളും വ്യാപാര മേഖലയുടെ സ്തംഭനത്തിന് കാരണമായതായി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് അജ്മൽ ചക്കുങ്ങൽ പറഞ്ഞു. വ്യാപാരി സമൂഹത്തോടുള്ള നഗരസഭയുടെ ഇരട്ടത്താപ്പുകൾ ക്കെതിരെ ചൊവ്വാഴ്ച മർച്ചൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികൾ നഗരസഭ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.
നഗര വികസനവുമായി ബന്ധപ്പെട്ട പട്ടണത്തിൽ നടന്നുകൊണ്ടിരിക്കുന്ന റോഡ് വികസനത്തിനുള്ള ജോലികൾ ഇഴഞ്ഞു നീങ്ങുന്നത് മൂലം വ്യാപാരികൾ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് വ്യാപാരസാഹചര്യം മെച്ചപ്പെടുത്തണം എന്ന് കാണിച്ച് മുഖ്യമന്ത്രിക്കും വിവിധ വകുപ്പ് തറവന്മാർക്കും മർച്ചൻ അസോസിയേഷന്റെ നേതൃത്വത്തിൽ നിവേദനം നൽകിയിരുന്നു. ഒപ്പം പൊതു ജനശ്രദ്ധ ആകർഷിക്കുന്നതിനായി വിവിധ സമരപരിപാടികളും സംഘടിപ്പിച്ചിരുന്നു.
നഗര വികസന റോഡ് നിർമ്മാണ പ്രവർത്തനങ്ങളിലുണ്ടായ കാലതാമസം മൂലം ഉണ്ടായ ഗതാഗതകുരുക്കുകളും മൂവാറ്റുപുഴയിലെ വ്യാപാര മേഖലയെ പൂർണമായി തകർത്തു. നഗരത്തിലെ പൊടി ശല്യവും ഗതാഗതകുരുവും ഒഴിവാക്കാൻ നഗരസഭ അധികൃതർ കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയില്ലന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.
മുനിസിപ്പൽ കെട്ടിടങ്ങൾക്ക് അമിതമായി വാടക വർദ്ധിപ്പിച്ച അധികൃതർ വ്യാപാര മാന്ദ്യം മൂലം വരുമാന നഷ്ടം ഉണ്ടായിരിക്കുന്ന വ്യാപാരികളുടെ മേൽ പുതിയതായി കനത്ത തൊഴിൽ നികുതിയും ഏർപ്പെടുത്തി. ഇതിന് പരിഹാരം കാണണമെന്ന് കാണിച്ച് മുൻസിപ്പൽ സെക്രട്ടറിക്ക് വ്യാപാരികൾ സമർപ്പിച്ചിരിക്കുന്ന നിവേദനത്തിന് യാതൊരു മറുപടിയും നാളിതുവരെ ലഭിച്ചിട്ടില്ലാത്തതാണെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് അജ്മൽ ചെക്കുങ്ങൽ പറഞ്ഞു. ഇപ്രകാരമുള്ള കനത്ത തൊഴിൽ നികുതിയും വാടകയും നൽകി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളും സംഘടിപ്പിച്ചു വ്യാപാരം നടത്തുന്ന വ്യാപാരകളുടെ സ്ഥാപനങ്ങളുടെ മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് അനധികൃതമായി വഴിയോര കച്ചവടം നടത്തുന്ന പ്രവണതയ്ക്കെതിരെയും അസോസിയേഷൻ നിരവധി പരാതികൾ നൽകിയിരുന്നു .എന്നാൽ ഇതിനൊരു പരിഹാരം കാണുന്നതിന് മുൻസിപ്പാലിറ്റിയുടെ ഭാഗത്തുനിന്നും യാതൊരു ഇടപെടലുകളും ഉണ്ടാകുന്നില്ല ഇപ്രകാരമുള്ള വ്യാപാരി ദ്രോഹ നടപടികൾക്കെതിരെയാണ് മൂവാറ്റുപുഴയിലെ വ്യാപാരികൾ ഒന്നടങ്കം സമര രംഗത്തേക്ക് ഇറങ്ങുകയാണെന്ന് മൂവാറ്റുപുഴ മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് അജ്മൽ ചക്കുങ്ങൽ, ജനറൽ സെക്രട്ടറി കെ ഗോപകുമാർ, ട്രഷറർ കെ എം ഷംസുദ്ദീൻ, എൽദോസ് പാലപ്പുറം, ബോബി നെല്ലിക്കൽ, തുടങ്ങിയവർ അറിയിച്ചു.