പ്രമുഖ പ്രവാസി മലയാളി വ്യവസായി എം എ യൂസഫലി സാരഥ്യം നല്കുന്ന ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ 20 ശതമാനം ഓഹരികള്‍ അബുദാബി രാജകുടുംബാംഗം വാങ്ങി. സമീപകാലത്ത് യുഎഇയില്‍ നടന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണിത്. റോയല്‍ ഗ്രൂപ്പ് ചെയര്മാന് കൂടിയായ ഷെയ്ഖ് താനൂന്‍ ബിന്‍ സെയ്ദ് അല്‍ നഹ്യാനാണ് 100 കോടി ഡോളറിന്റെ നിക്ഷേപം, അതായത് ഏകദേശം 7600 കോടി രൂപ, ലുലു ഗ്രൂപ്പില്‍ നടത്തിയിരിക്കുന്നത്.
യുഎഇയിലെ ഏറ്റവും വലിയ ബാങ്കായ ഫസ്റ്റ് അബുദാബി ബാങ്കിന്റെ (എഫ് എബി) ചെയര്മാന് കൂടിയാണ് ഷെയ്ഖ് താനൂന്‍. എന്നാല്‍ ഇതേ കുറിച്ച് ലുലു ഗ്രൂപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ലുലു ഗ്രൂപ്പിനും അബുദാബി രാജകുടുംബത്തിനും ഒരു പോലെ ഗുണകരമാകുന്ന കൂട്ടുകെട്ടാകും ഇത്. ഗള്‍ഫ് മേഖലയില്‍ ഓയ്ല്‍ ബൂം വരുന്നതിന് മുമ്പേ റീറ്റെയ്ല്‍ രംഗത്ത് കാലുറപ്പിച്ച പ്രവാസി മലയാളിയാണ് എം എ യൂസഫലി. ഗള്‍ഫ് യുദ്ധകാലത്തും ആ രാജ്യത്തെ വിട്ടുപോകാതിരുന്ന യൂസഫലി പിന്നീട് ലോകമെമ്പാടും പടര്‍ന്നു പന്തലിച്ച റീറ്റെയ്ല്‍ ബിസിനസ് കെട്ടിപ്പടുക്കുകയായിരുന്നു.
ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ ഇതിനകം ശക്തമായ സാന്നിധ്യമായി ലുലു ഗ്രൂപ്പ് മാറിയിട്ടുണ്ട്. എണ്ണ ഇതര മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് അബുദാബി രാജകുടുംബം ലുലു ഗ്രൂപ്പില്‍ ഇപ്പോള്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. യുഎഇ രാജകുടുബത്തിന്റെ ഓഹരി പങ്കാളിത്തം ലുലു ഗ്രൂപ്പിന് ഗള്‍ഫ് മേഖലയിലും ലോകത്തിന്റെ ഇതര ഭാഗത്തും ഇനിയും പ്രവര്‍ത്തനം ശക്തമാക്കാന്‍ സാധിക്കും. രാജകുടുംബത്തിന്റെ ഓഹരി പങ്കാളിത്തം കൂടി വരുന്നതോടെ ലുലു ഗ്രൂപ്പിന് കരുത്തേറുമെന്ന പ്രതീക്ഷയിലാണ് വാണിജ്യലോകം.