വ്യാവസായിക രംഗത്തെ മേഖല തിരിച്ചുള്ള അടിസ്ഥാന പ്രശ്നങ്ങള്‍ വിദഗ്ധ ഉപദേശ സമിതികള്‍ പഠന വിധേയമാക്കണമെന്ന് കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഉപദേശ സമിതികളുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് പുതിയ നയങ്ങള്‍ രൂപീകരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഒരു വെബ്ബിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എംഎസ്എംഇ സംഘടനകള്‍, ഫിക്കി മേഖല അസോസിയേഷനുകള്‍ എന്നിവയുമായുള്ള സംവാദത്തില്‍ വിവിധ വ്യവസായ മേഖലകളിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പഠിക്കാനും ഗവണ്മെന്റിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ആത്മ നിര്‍ഭര്‍ അഭിയാനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ വ്യവസായ സംഘടനകള്‍ സന്നദ്ധരാകണം എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇറക്കുമതി കുറച്ച് രാജ്യത്ത് ഉത്പാദനവും നിര്‍മ്മാണവും വര്‍ദ്ധിപ്പിക്കുക വഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെമ്പാടും പ്രത്യേകിച്ച്, ഗ്രാമീണ, ആദിവാസി, കാര്‍ഷിക മേഖലകളില്‍ വ്യാവസായിക ക്ലസ്റ്ററുകള്‍ രൂപീകരിക്കാന്‍ ഗവണ്മെന്റ് ശ്രമിച്ചു വരികയാണെന്നും ഗഡ്കരി പറഞ്ഞു. ചെറുകിട സംരംഭകര്‍, വ്യാപാരികള്‍, കടയുടമകള്‍ എന്നിവര്‍ക്ക് 10 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്നതിന് ഒരു സോഷ്യല്‍ മൈക്രോഫിനാന്‍സ് സ്ഥാപനത്തിനുള്ള നയം രൂപീകരിച്ചു കൊണ്ടിരിക്കുകയാണെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു.