തൃശൂര്‍: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത കാറിനും പണത്തിനും അവകാശവുമായി മൂന്ന് പേർ രംഗത്ത്. എന്നാൽ കുഴല്‍പ്പണകേസില്‍ അന്വേഷണം കഴിയാത്തതിനാല്‍ പണവും കാറും വിട്ടു നല്‍കുന്നത് കേസിനെ ബാധിക്കുമെന്നാണ് പൊലീസ് ഉയർത്തുന്ന വാദം. പൊലീസ് ഇന്ന് ഇരിങ്ങാലക്കുട കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. തെളിവ് നശിപ്പിക്കാന്‍ ഇത് കാരണമാകുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാകും സമര്‍പ്പിക്കുക.
കൊടകര കുഴല്‍പ്പണക്കേസില്‍ പിടിച്ചെടുത്ത 1.4 കോടിയും കാറും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധര്‍മ്മരാജനും സുനില്‍നായികും ഷംജീറും കോടതിയില്‍ നല്കിയ ഹര്‍ജിയെ എതിര്‍ത്താണ് ഈ റിപ്പോര്‍ട്ട് നല്‍കുക. കഴിഞ്ഞയാഴ്ചയാണ് പണവും കാറും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ധര്‍മ്മരാജനും സംഘവും ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചത്.
ഇതുമായി ബന്ധപ്പെട്ട് 15ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. കവര്‍ച്ച ചെയ്യപ്പെട്ട 3.5 കോടിയില്‍ 25 ലക്ഷം രൂപ തൻ്റെയാണെന്ന് യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക് പറഞ്ഞു.അതുപോലെ 3.25 കോടി ഡല്‍ഹിയില്‍ ബിസിനസ് ആവശ്യത്തിനായി സുഹൃത്ത് ഏല്പിച്ചതാണന്ന് ധര്‍മ്മരാജനും അവകാശപ്പെട്ടു. പിടിച്ചെടുത്ത കാര്‍ തൻ്റെതാണെന്ന് ഡ്രൈവര്‍ ഷംജീറും വ്യക്തമാക്കിയിരുന്നു. ആദ്യം മൂന്നു പേര്‍ക്കും വേണ്ടി ധര്മരാജന് നല്കിയ ഹര്‍ജി കോടതി മടക്കിയിരുന്നു. പിന്നീട് മൂന്ന് പേരും പ്രത്യേകം ഹര്‍ജികള്‍ നല്‍കുകയായിരുന്നു.