മൂവാറ്റുപുഴ: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ കീഴിലുള്ള മൂവാറ്റുപുഴ പൂളിലെ കയറ്റിയിറക്ക് തൊഴിലാളികളുടെ കൂലി വര്‍ദ്ധനവ് നടപ്പിലാക്കുന്നതിനായി ഉണ്ടാക്കിയ കരാറുകള്‍ പാലിക്കാന്‍ ചുമട്ടുതൊഴിലാളികള്‍ തയ്യാറാവുന്നില്ലന്ന് മര്‍ച്ചന്‍സ് അസോസിയേഷന്. ഇതുമൂലം
കേരളത്തിലെ ഏറ്റവും പഴക്കവും വ്യാപാരവും നടന്നുവന്നിരുന്ന മൂവാറ്റുപുഴയിലെ പലചരക്ക് വ്യാപാര മേഖല സ്തംഭനത്തിവലായെന്ന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍ പറഞ്ഞു. ചരക്കുമായി വരുന്ന വാഹനങ്ങളില്‍ നിന്നും അമിത കൂലി ഈടാക്കുന്നതിന് മുന്‍കാലങ്ങളില്‍ എന്നതുപോലെ വീണ്ടും അവസരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൊഴിലാളികള്‍ നടത്തുന്ന സമരം വിവിധ വ്യാപാര മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്.
തൊഴിലാളികള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്ന ഡിമാന്റുകള്‍ ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ചര്‍ച്ചയിലൂടെ പരസ്പര ധാരണയില്‍ ഒപ്പിട്ട കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ജോലി ചെയ്യാന്‍ ചുമട്ടുതൊഴിലാളികള്‍ തയ്യാറായില്ലെങ്കില്‍ നിലവില്‍ നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കടകമ്പോളങ്ങള്‍ എന്നേന്നേക്കുമായി അടച്ചിട്ടു കൊണ്ട് പ്രതിഷേധിക്കുവാന്‍ മൂവാറ്റുപുഴയിലെ മര്‍ച്ചന്‍സ് അസോസിയേഷന് അംഗങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. വിഷയത്തില്‍ ഇടപെടണം എന്ന് കാണിച്ച് ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് മൂവാറ്റുപുഴ ഓഫീസില്‍ മര്‍ച്ചന്‍സ് അസോസിയേഷന് പ്രസിഡണ്ട് അജ്മല്‍ ചക്കുങ്ങലിന്റെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി കെ എ ഗോപകുമാര്‍, ബോബി നെല്ലിക്കല്‍ ,മഹേഷ് എച്ച് കമ്മത്ത്, എല്‍ദോസ് പാലപ്പുറം ,ഗ്രേസ് മര്‍ച്ചന്‍സ് പ്രസിഡണ്ട് മുഹമ്മദ് റാഫി എന്നിവര്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്മാന് ഉള്‍പ്പെടെയുള്ള അധികാരികള്‍ അടിയന്തിരമായി ഇടപെടണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.