ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള ആകാശില്‍ മണിപ്പാല്‍ ഗ്രൂപ്പ് ചെയര്മാന് ഡോ. രഞ്ജന്‍ പൈ നിക്ഷേപം നടത്തും. 80-90 മില്യണ്‍ ഡോളര്‍ (740 കോടി രൂപ) നിക്ഷേപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ആദ്യഘട്ട ചര്‍ച്ചകളാണ് നടക്കുന്നത്. ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ബൈജൂസിന്റെ മികച്ച ഏറ്റെടുക്കലുകളിലൊന്നാണ്. 2021ല്‍ ബില്യണ്‍ ഡോളറിനായിരുന്നു സ്വന്തമാക്കിയത്.
ആകാശില്‍ 30 ശതമാനം ഓഹരി പങ്കാളിത്തമുള്ള ബൈജു രവീന്ദ്രന് അതിലൊരുഭാഗം പൈക്ക് കൈമാറിയേക്കും. ആകാശില്‍ 200 മില്യണ്‍ (1,600 കോടി രൂപ) ഡോളറിന്റെ നിക്ഷേപവും പ്രതീക്ഷിക്കുന്നുണ്ട്. സോവറിന്‍ വെല്‍ത്ത് ഫണ്ടുകളുമായി ഇതുംസബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. പൈ ബോര്‍ഡില്‍ വന്നാല്‍ മറ്റ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത് എളുപ്പമാകുമെന്നും ബൈജൂസ് പ്രതീക്ഷിക്കുന്നു.
മെയ് മാസത്തില്‍ ഡേവിഡ്സണ് കെംപ്നര്‍ ക്യാപിറ്റല്‍ മാനേജുമെന്റില്‍നിന്ന് സ്വരൂപിച്ച 800 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാനായിരിക്കും തുക വിനിയോഗിക്കുക. വായ്പ ലഭിക്കാന്‍ ഈടായി നല്കിയ ഓഹരികള്‍ തിരികെയെടുക്കും.
പ്രമുഖ സംരംഭകനും നിക്ഷേപകനുമായ പൈ അടുത്തിടെ മണിപ്പാല്‍ ഹോസ്പിറ്റല്‍സിന്റെ ഒരുഭാഗം ഓഹരികള്‍ സിംഗപൂരിലെ ടെമാസെക്കിന് കൈമാറിയിരിന്നു. രാജ്യത്തെ ആരോഗ്യമേഖലയിലെ ഒരു സ്വകാര്യ ഇക്വിറ്റി ഫണ്ടിന്റെ എക്കാലത്തെയും വലിയ ഇടപാടായിരുന്നു ഇത്. മണിപ്പാല്‍ ഗ്രൂപ്പ് ഓഫ് എജ്യുക്കേഷന്റെ നടത്തിപ്പിന് നേതൃത്വം നല്‍കുന്നതും പൈ ആണ്. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടായ ആറിന് ക്യാപിറ്റല്‍ വഴി 2011ലാണ് ആദ്യമായി രഞ്ജന്‍ പൈ ബൈജൂസില്‍ നിക്ഷേപം നടത്തുന്നത്. മൂന്നിലൊന്ന് ഓഹരികള്‍ അന്ന് അദ്ദേഹം സ്വന്തമാക്കിയിരുന്നു.
ഫണ്ടിങ് വിജയകരമായാല്‍ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പണലഭ്യത പരിമിതികള്‍ മറികടക്കാന്‍ ഒരു പരിധിവരെ കഴിയുമെന്നാണ് വിലയിരുത്തല്‍.