മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിന് ഇന്ന് അറുപത്തി രണ്ടാം ജന്മദിനം. അഭിനയം മോഹനമായൊരു അനുഭവമാക്കുന്ന ലാല്‍ ഭാവങ്ങള്‍ക്ക് പക്ഷേ, ഇന്നും, എന്നും നിത്യയൗവനം തന്നെ. മോഹന്‍ലാല്‍ എന്ന പേരിന് മലയാളിക്ക് ഒരു അര്‍ത്ഥമേയുള്ളൂ… വെള്ളിത്തിരയില്‍ തങ്ങളുടെ എക്കാലത്തെയും മികച്ച പ്രതിനിധാനം…
പതിനെട്ടാം വയസ് മുതല്‍ മോഹന്‍ലാല്‍ എന്ന നടന് വെള്ളിത്തിരയില്‍ നിറഞ്ഞാടിക്കൊണ്ടിരിക്കുകയാണ്. നൂറുനൂറ് കഥാപാത്രങ്ങള്‍… അനേകായിരം ലാല്‍ ഭാവങ്ങള്‍… മലയാളിയുടെ ആഘോഷങ്ങളുടെ മറ്റൊരു പേര് കൂടിയാണ് മോഹന്‍ലാല്‍. നിങ്ങള്‍ മറ്റൊരു അഭിനേതാവിന്റെ ആരാധകനാണെങ്കില്‍ പോലും പറയാനുണ്ടാകും ഇഷ്ടപ്പെട്ടൊരു, അതിശയിപ്പിച്ച ലാല്‍ കഥാപാത്രത്തെ… പുതിയ ചിത്രങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയാകുമ്പോഴും പ്രതിരോധിക്കാനുണ്ടാകും അതിനു മുന്‍പേ ലാല്‍ പകര്‍ന്നാട്ടം നടത്തിയിട്ടുള്ള എണ്ണമറ്റ കഥാപാത്രങ്ങള്‍..സോളമന്, ദാസന്, ജയകൃഷ്ണന്, സേതുമാധവന്, രാജീവ് മേനോന്, കുഞ്ഞിക്കുട്ടന്‍, ആനന്ദ്, ശിവന്‍കുട്ടി, ജോജി, സിദ്ധാര്ഥന്, ഗോപി, രമേശന് നായര്‍… സിനിമയുടെ പേര് പറഞ്ഞില്ലെങ്കിലും ഓരോ സിനിമാസ്വാദകനും പരിചിതമാണ് ഇവരെ…
വില്ലന്‍ വേഷങ്ങളില്‍ നിന്ന് സഹനായകനിലേക്കും, നായകസ്ഥാനത്തേക്കും തുടര്‍ന്നങ്ങോട്ട് സൂപ്പര്‍താര പദവിയിലേക്കുമുള്ള മോഹന്‍ലാലിന്റെ ജൈത്രയാത്രയ്ക്കൊപ്പമാണ് മലയാള സിനിമ അതിന്റെ സുവര്‍ണഘട്ടം അടയാളപ്പെടുത്തിയത്. 42 വര്‍ഷങ്ങള്‍… 400 റോളം സിനിമകള്‍. എത്രയോ താരോദയങ്ങളും അസ്തമയങ്ങളും കണ്ട ഇന്ത്യന്‍ സിനിമയില്‍ മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിന് ഇന്നും പത്തരമാറ്റ് തന്നെ.
അഞ്ച് തവണ ദേശീയ പുരസ്കാരം, ഒമ്പത് തവണ സംസ്ഥാന പുരസ്കാരം. മലയാളസിനിമാ ബോക്സോഫീസിന്റെ ഉയരം ഇരുനൂറ് കോടി ക്ലബ്ബിലെത്തിച്ച വാണിജ്യവിജയങ്ങള്‍. പത്മഭൂഷനും പത്മശ്രീയും നേടിയ ഏക അഭിനേതാവ്. ടെറിറ്റോറിയല്‍ സേനയില്‍ ഓണററി ലെഫ്റ്റനന്റ് പദവി ലഭിക്കുന്ന ആദ്യ അഭിനേതാവ്. എണ്ണമറ്റ കാരുണ്യപ്രവൃത്തികളിലൂടെ കരുതലിന്റെ കൈ പിടിക്കുന്ന മഹാനടന്. മലയാളത്തിനായി ഇനിയും നിറയണം ഭാവങ്ങളുടെയും ജീവിതത്തിന്റെയും ആ മഹാസാഗരം.
ഇന്ന് മോഹന്‍ലാല്‍ 62ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സിനിമാലോകവും ആരാധകരും ലാലിനെ ആശംസകള്‍ കൊണ്ടുമൂടുകയാണ്. ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്’ എന്നാണ് മമ്മൂട്ടി ആശംസിച്ചത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
ലാലും പൃഥ്വിരാജും ഒരുമിച്ച രണ്ടാമത്തെ ചിത്രം ബ്രോ ഡാഡിയുടെ തീം സോംഗ് പങ്കുവച്ചുകൊണ്ടാണ് പൃഥ്വി ലാലിന് ആശംസ നേര്‍ന്നത്.