തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിനോടനുബന്ധിച്ച് സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 7 വരെയുള്ള സേവാ സമര്പ്പണ് അഭിയാന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ ബൂത്തുകളില്‍ നിന്നും പ്രധാനമന്ത്രിക്ക് ആശംസകാര്‍ഡുകള്‍ അയക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് തിരൂര്‍ പോസ്റ്റോഫീസില്‍ ആശംസസന്ദേശം അയച്ച് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. പ്രമുഖ വ്യക്തികളെയും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെയും പ്രചരണത്തില്‍ പങ്കാളികളാക്കും. മറ്റു നേതാക്കള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടിയുടെ ഭാഗമാവും.
സൗജന്യ വാക്സിനും സൗജന്യ റേഷനും ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ദതികള്‍ നടപ്പാക്കിയതിന് നന്ദി അറിയിച്ചും ജന്മദിന ആശംസകള്‍ അര്‍പ്പിച്ചുമാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് ആശംസാ കാര്‍ഡുകള്‍ അയക്കുന്നത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും കണ്ണൂരില്‍ പികെ കൃഷ്ണദാസും നേതൃത്വം നല്‍കും. കാസര്‍ഗോഡ് എപി അബ്ദുള്ളക്കുട്ടി, കോഴിക്കോട് എംടി രമേശ്, പാലക്കാട് സി.കൃഷ്ണകുമാര്‍, തൃശ്ശൂര്‍ എഎന്‍ രാധാകൃഷ്ണന്, എറണാകുളം ഡോ.കെ.എസ് രാധാകൃഷ്ണന്, പത്തനംതിട്ട പി.സുധീര്‍, കൊല്ലത്ത് ജോര്‍ജ് കുര്യന് എന്നിവര്‍ പങ്കെടുക്കും.