പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭാവി പരിപാടികള്‍ ആലോചിക്കാനും യോജിച്ച പ്രക്ഷോഭം നടത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനും മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തി തലസ്ഥാനത്ത് നടന്ന രാഷ്ട്രീയ, മത, സാമൂഹ്യ സംഘടന പ്രതിനിധികളുടെ യോഗം. ഏതെല്ലാം മേഖലകളില്‍ യോജിച്ച് പ്രക്ഷോഭം നടത്താനാവുമെന്നത് ആലോചിക്കും. നിയമഭേദഗതിക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കണമെന്നും നിയമസഭ വിളിച്ചു ചേര്‍ത്ത് ചര്‍ച്ച നടത്തണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. കോടതിയെ സമീപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും നടപടികള്‍ സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി വലിയ തോതില്‍ ഇറങ്ങേണ്ട ഘട്ടമാണിത്. ഒന്നായി നിന്ന് പ്രക്ഷോഭം നടത്തുമ്പോള്‍ നാം കാണുന്നതിനും അപ്പുറമുള്ള ബലം ലഭിക്കും. അതിനെ രാജ്യം തന്നെ മാതൃകയായി സ്വീകരിക്കുന്ന നില വരും. മതാടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കാനുള്ള നടപടി ഏത് രൂപത്തില്‍ ഏത് അധികാര സ്ഥാനത്തുനിന്നുണ്ടായാലും കേരളത്തില്‍ വിലപ്പോവില്ല. ഈ ഘട്ടത്തില്‍ ഒരുമയുടെ സന്ദേശം ഇന്ത്യയ്ക്കാകെ നല്‍കണം. ഭരണഘടനയ്ക്ക് മേലേയല്ല ഒരു നിയമവും ചട്ടവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിരവധി പ്രക്ഷോഭങ്ങള്‍ വിവിധയിടങ്ങളില്‍ നടക്കുന്നുണ്ടെന്നും ഇവയില്‍ ആവശ്യമില്ലാത്തവര്‍ക്ക് ഇടം നല്‍കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയ, തീവ്രവാദ സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ പരിധിയില്‍ നില്‍ക്കണമെന്നില്ല. ഇവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. അത്തരം ശക്തികളുടെ ഇടപെടല്‍ സാമൂഹത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതല്ല. ന്യായമായ പ്രക്ഷോഭങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടാവില്ല.
മതം പൗരത്വത്തിന്റെ അടിസ്ഥാനമായി മാറുമ്പോള്‍ ഭരണഘടന അട്ടിമറിക്കപ്പെടും. അപ്പോള്‍ മതനിരപേക്ഷ രാഷ്ട്രം എന്നതു മാറി മതാധിഷ്ഠിത രാഷ്ട്രമാവും. മതം പൗരത്വത്തിന് അടിസ്ഥാനമാവുന്ന നില ഉണ്ടാകരുത്. ഭരണഘടന ഉയര്‍ത്തുന്ന മതനിരപേക്ഷതയ്ക്കായി എക്കാലവും നിലകൊണ്ട സംസ്ഥാനമാണ് കേരളം. ഇപ്പോഴുള്ളത് മത പ്രശ്നം മാത്രമല്ല, രാജ്യത്തിന്റെ നിലനില്പിനെ ബാധിക്കുന്ന പ്രശ്നമാണ്. ഒരു അമ്മയുടെ വിവിധ മക്കള്‍ എന്ന നിലയിലാണ് കേരളത്തില്‍ നമ്മള് കഴിയുന്നത്. ഇവിടെ പരസ്പരം ആദരിക്കുന്ന സ്ഥിതിയാണ് മതങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. മതം പ്രചരിപ്പിക്കാനെത്തിയവരെപ്പോഴുംനല്ല രീതിയില്‍ സ്വീകരിച്ച നാടാണിത്. ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട നടപടികള്‍ സംസ്ഥാനം നിര്‍ത്തിവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഡിറ്റന്‍ഷന്‍ സെന്ററുകളില്ലെന്നും ഇവ സ്ഥാപിക്കാന്‍ നടപടിയുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ത്യയെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും മത, ജാതി, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഒന്നിച്ചു നില്‍ക്കേണ്ട സമയമാണെന്ന് യോഗത്തില്‍ സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വം അപകടത്തിലായിരിക്കുന്ന സ്ഥിതിയില്‍ വിവിധ കോണുകളില്‍ പ്രക്ഷോഭം നടക്കുകയാണ്. ഇതിനെ ഗൗരവപൂര്‍വം സമീപിക്കണം. ഭരണഘടയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ദേശീയ ജനസംഖ്യാ രജിസ്ട്രിക്കായി തയ്യാറാക്കിയ ചോദ്യാവലി ഭീതിപ്പെടുത്തുന്നതാണ്. മരിച്ചു പോയവരുടെ ജനനത്തീയതി വരെ ചോദിച്ച് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാനായി സര്‍ക്കാര്‍ വിപുലമായ പ്രചാരണ പരിപാടികള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
മന്ത്രി എ. കെ. ബാലന് യോഗത്തില്‍ സ്വാഗതം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന് സന്നിഹിതനായിരുന്നു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ. കെ. ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി, പി. കെ. കുഞ്ഞാലിക്കുട്ടി എം. പി, കൊടിക്കുന്നില്‍ സുരേഷ് എം. പി, എന്‍. കെ. പ്രേമചന്ദ്രന് എം. പി, സി. കെ. നാണു എം. എല്‍. എ, കാനം രാജേന്ദ്രന്, കെ. എന്‍. ബാലഗോപാല്‍, ആലിക്കുട്ടി മുസലിയാര്‍, സി. കെ. വിദ്യാസാഗര്‍, ഫാദര്‍ മാത്യു മനക്കണ്ടം, മോന്‍സ് ജോസഫ്, ഫൈസി ഹാജി, ഡോ. സി. ജോസഫ്, അഡ്വ. സജയന്, ജി. ദേവരാജന്‍, സി. പി. ജോണ്‍, സലാഹുദ്ദീന് മദനി, രാമഭദ്രന്, രാധാകൃഷ്ണന്, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, ഫാദര്‍ സോണി, ഡോ. ഫസല്‍ ഗഫൂര്‍, കാസിം ഇരിക്കൂര്‍ എന്നിവര്‍ സംസാരിച്ചു.