മഴയും കാറ്റും മാറി മാറി പരീക്ഷിച്ചു കൊണ്ടിരുന്ന കുടിലില്‍ നിന്ന് ലൈഫ് മിഷനിലൂടെ തന്റെ എണ്‍പത്തി രണ്ടാം വയസ്സില്‍ സുനന്ദാമ്മയും ഇന്ന് പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വച്ചു. ഓലയും ടാര്‍പോളിന്‍ ഷീറ്റും വച്ച് കെട്ടിയ കുടിലില്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന സുനന്ദാമ്മയെക്കുറിച്ച് നാട്ടുകാര്‍ക്കെല്ലാം എന്നും വലിയ ആശങ്കയായിരുന്നു.
സുനന്ദാമ്മയുടെ പ്രായവും അവര്‍ താമസിക്കുന്ന കുടിലിന്റെ അവസ്ഥയും തന്നെയായിരുന്നു അതിന്റെ കാരണം. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് സുനന്ദാമ്മയുടെ താമസം. സ്വപ്നവീടിന്റെ താക്കോല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയര്‍ കെ.ശ്രീകുമാറും ചേര്‍ന്ന് കൈമാറുമ്പോള്‍ തന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കുമെന്ന് പ്രതീക്ഷയില്ലാതിരുന്ന വലിയൊരു സ്വപ്നം സഫലമായത്തിന്റെ സന്തോഷത്തിലായിരുന്നു സുനന്ദാമ്മ.
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം നഗരസഭ നല്കിയ 4 ലക്ഷം രൂപയും വേള്‍ഡ് മലയാളി കൗണ്‍സില്‍ സഹായമായ 3 ലക്ഷം രൂപയും ചിലവഴിച്ചാണ് കുളത്തൂര്‍ വാര്‍ഡിലെ പാവയില്‍ വീട്ടില്‍ സുനന്ദാമ്മയ്ക്ക് 550 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ വീടൊരുക്കിയത്.
സുനന്ദാമ്മയ്ക്ക് വീടൊരുക്കാന്‍ കുളത്തൂര്‍ വാര്‍ഡിലെ സന്നദ്ധം സജീവത്തിന്റെ വോളന്റിയര്‍മാരും സജീവമായി രംഗത്തുണ്ടായിരുന്നു. വീടിന്റെ താക്കോല്‍ ദാന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സില്‍ എസ്.ശിവദത്ത് സന്നിഹിതനായിരുന്നു.