മാന്നാര്‍: ആംഗലേയ കവിതാ രചനയില്‍ അത്ഭുതം സൃഷ്ടിക്കുകയാണ് ഫാത്തിമ മുഹമ്മദ് നിസാം എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി. മൂന്ന് വര്‍ഷം കൊണ്ട് മുന്നൂറോളം ഇംഗ്ലീഷ് കവിതകളാണ് മാന്നാര്‍ ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡ് കുട്ടംപേരൂര്‍ പുത്തന്‍ ബംഗ്ലാവില്‍ പ്രവാസിയായ നിസാം ഹസീന ദമ്പതികളുടെ മകളായ ഫാത്തിമയുടെ തൂലികത്തുമ്പില്‍ വിരിഞ്ഞത്.
ഇംഗ്ലീഷ് നോവലുകളും കഥകളും ഏറെ ഇഷ്ടപ്പെട്ടിരുന്ന ഈ കൊച്ചു മിടുക്കി കവിതാ രചനയുടെ ലോകത്തേക്ക് എത്തിപ്പെട്ടത് യാദൃശ്ചികമായിരുന്നു. ഒമ്പതാം ക്ലാസില്‍ വെച്ച് സ്കൂള്‍ മാഗസിനിലേക്ക് കവിത എഴുതിയതാണ് തുടക്കം. അധ്യാപകരുടെയും സഹപാഠികളുടെയും അഭിനന്ദനങ്ങള്‍ ലഭിച്ചത് ഫാത്തിമക്ക് കവിതാ രചനയില്‍ പ്രചോദനമായി. ഇതേ സ്കൂളിലെ അധ്യാപികയായിരുന്ന മാതാവ് ഹസീന നിസാമും ഷാര്‍ജയില്‍ സിവില്‍ എഞ്ചിനീയറായ പിതാവ് നിസാമും മകളുടെ കഴിവിനെ പരിപോഷിപ്പിക്കാന്‍ എല്ലാ പ്രോത്സാഹനങ്ങളും നല്കി. ഒമ്പതാം ക്ലാസില്‍ തുടങ്ങിയ ഫാത്തിമയുടെ കവിതാ രചന പ്ലസ്ടു വിലേക്കെത്തിയപ്പോള്‍ എണ്ണം മുന്നൂറ് പിന്നിട്ടു.
താന്‍ രചിച്ച കവിതകളില്‍ നിന്നും തെരഞ്ഞെടുത്ത എഴുപത്തിയഞ്ച് കവിതകളുടെ സമാഹാരമായ ‘ആഷസ് ടു ഫയര്‍’ എന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഫാത്തിമ. പരുമല സിന്‍ഡസ്മോസ് പബ്ലിക് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ഫാത്തിമ മുഹമ്മദ് നിസാം ജനിച്ചതും വളര്‍ന്നതും ഷാര്‍ജയിലായിരുന്നു. പത്താം ക്ലാസ് വരെ ഷാര്‍ജ അല്‍ അമീര്‍ ഇംഗ്ലീഷ് സ്കൂളിലായിരുന്നു പഠനം.
അവസാന വര്‍ഷ കൊമേഴ്സ് ബിരുദ വിദ്യാര്‍ത്ഥിയായ ഹിഷാം മുഹമ്മദ് നിസാം, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ഫാബി മുഹമ്മദ് നിസാം എന്നിവര്‍ സഹോദരങ്ങളാണ്. മധ്യ തിരുവിതാംകൂറില്‍ മുസ്ലിം ലീഗിന്റെ ആദ്യകാല നേതാക്കളില്‍ പ്രമുഖനായ മാന്നാര്‍ കെ.എസ് അബ്ദുല്‍ ഖാദര്‍ സാഹിബിന്റെ കൊച്ചുമകളാണ് ഈ കൊച്ചു കവയിത്രി.